KERALAMTHRISSUR

സ്വാതന്ത്ര്യദിനാഘോഷം; പൂര്‍ണമായും ഹരിതചട്ടം പാലിക്കണം- ശുചിത്വ മിഷന്‍

തൃശ്ശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന എല്ലാ പരിപാടികളിലും പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കണമെന്ന് ശുചിത്വ മിഷന്‍. ഇത് സംബന്ധിച്ച് എല്ലാ സ്ഥാപന മേലധികാരികള്‍ക്കും തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍, ആകാശത്തേക്ക് പറത്തിവിടുന്നതടക്കമുള്ള എല്ലാ ബലൂണുകള്‍, ബൊക്കെകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. ഭക്ഷണം, കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ കഴുകി ഉപയോഗിക്കുന്ന പാത്രങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കുക. ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, പേപ്പര്‍ ഇലകള്‍ എന്ന നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നത്തില്‍പ്പെട്ട സാധനങ്ങള്‍ ഉപയോഗിക്കരുത്. ഈ വര്‍ഷത്തെ സ്വാതന്ത്രദിനാഘോഷം പൂര്‍ണമായും പ്രകൃതി സൗഹൃദമായി ആഘോഷിക്കണമെന്നും ഇതുമായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ ശുചിത്വ മിഷന്‍ അറിയിച്ചു. ബലൂണുകളുടെ ഉപയോഗം വലിയ മാലിന്യ പ്രശ്‌നത്തിലേക്ക് പോകുന്നുണ്ട്. കൂടാതെ പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ വ്യാപകമായി മാലിന്യം കുന്നകൂടാന്‍ ഇടയാക്കുന്നു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും ഒഴിവാക്കി തുണിയിലോ പേപ്പറിലോ ചെയ്ത ബാനറുകള്‍, ഡിജിറ്റല്‍ ബാനറുകള്‍ എന്നിവ എല്ലാവരും പ്രോത്സാഹിപ്പിക്കണമെന്നും ശുചിത്വ മിഷന്‍ അറിയിച്ചു.