KERALAMTHRISSUR

കരിങ്ങാച്ചിറ ബണ്ട്; സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കും- മന്ത്രി എം ബി രാജേഷ്

തൃശ്ശൂർ: കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർദ്ദേശിച്ചു. പുത്തൻചിറ, വേളൂക്കര, മാള എന്നീ ഗ്രാമപഞ്ചായത്തുകളും മാള,വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും സംയുക്തമായി കരിങ്ങാച്ചിറ ബണ്ട് സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കുന്നതിന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസിനെ മന്ത്രി ചുമതലപ്പെടുത്തി. പുത്തൻചിറ ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന വൈക്കിലചിറ – കരിങ്ങാച്ചിറ തോടിനെ ആശ്രയിച്ചാണ് മാള, പുത്തൻചിറ, വേളൂക്കര ഗ്രാമപഞ്ചായത്തുകളിൽ കൃഷി ചെയ്യുന്നത്. വേലിയേറ്റ സമയത്ത് കായലിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് കർഷകർക്കും കാലം തെറ്റി പെയ്യുന്ന മഴ മൂലം താൽക്കാലിക ബണ്ട് പലപ്രാവശ്യം തുറക്കേണ്ടതും പുനർ നിർമ്മിക്കേണ്ടതും, പുത്തൻചിറ ഗ്രാമ പഞ്ചായത്തിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അദാലത്തിൽ പരാതി നൽകിയത്. സ്ഥിരം ഷട്ടർ സംവിധാനം ഒരുക്കുന്നതിലൂടെ കർഷകർക്കും പഞ്ചായത്തിനും ആശ്വാസമാകും എന്ന പ്രതീക്ഷയിലാണ് ഇവർ മടങ്ങിയത്.