കേരളം വിദേശ വിദ്യാർത്ഥികളുടെ ഹബ്: മന്ത്രി റിയാസിന്റെ വാദം ബാലിശം – മുസ്ലിം ലീഗ്
കേരളം വിദേശ വിദ്യാർത്ഥികളുടെ ഹബ് ആണെന്ന മന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. പിണറായി സർക്കാർ സമഗ്ര വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും കേരളത്തെ വിദ്യാഭ്യാസ രംഗത്ത് പിന്നോട്ടാണ് നയിക്കുന്നതെന്ന വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ്.
മലയാളി വിദ്യാർത്ഥികൾ വിദ്യഭ്യാസത്തിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നും, കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും പുതുമകളില്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം ആരോപിച്ചു. “കേരളത്തിൽ പുതിയ കോളേജുകൾ, സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പോലും അനുവദിക്കാത്ത അവസ്ഥയിലാണിപ്പോൾ. ഉന്നതപഠനത്തിന് സ്വാശ്രയ കോളേജുകളിൽ പോലും കോഴ്സുകൾ അനുവദിക്കുന്നില്ല,” എന്നും സി.എച്ച്. റഷീദ് പറഞ്ഞു.
മലബാറിലെ പ്രതിസന്ധി
മലബാറിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും പ്ലസ് ടുവിന് സീറ്റ് ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് റഷീദ് പറഞ്ഞു . കേരളത്തിലെ മുസ്ലിം ലീഗ് വിദ്യാഭ്യാസ മന്ത്രിമാരുടെ കാലഘട്ടത്തിൽ അനുവദിച്ച വിദ്യാലയങ്ങളാണ് ഇന്ന് പ്രവർത്തിക്കുന്നതെന്നും, സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ നവോഥാന നായകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സി.എച്ച്. റഷീദ്. തൃശൂർ സീതി സാഹിബ് സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ, കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ പ്രസിഡണ്ട് ഹബീബ് മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
പ്രമുഖർ പങ്കെടുത്തു
മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ. മുഹമ്മദ് റഷീദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ ആർ.വി. അബ്ദുൽ റഹീം, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ കെ.എസ്.ഇ.എം. അസ്ഗർ തങ്ങൾ, കെ.എ. ഹാറൂൺ റഷീദ്, സെക്രട്ടറി അഡ്വ. വി.എം. മുഹമ്മദ് ഗസ്സാലി, പി.കെ. ഷാഹുൽഹമീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മുസ്ലിം ലീഗ് തൃശൂർ നിയോജക മണ്ഡലം പ്രസിഡണ്ട് സുൽത്താൻ ബാബു, ജനറൽ സെക്രട്ടറി സി.കെ. ബഷീർ, ഹുസൈൻ ചെറുതുരുത്തി, ആഷിക് കൊടുങ്ങല്ലൂർ, ഫാസിൽ കുന്നംകുളം, അനസ് കൈപ്പമംഗലം, സുഹൈൽ നാട്ടിക, മുഹറാസ് പാടൂർ, ആർ. കെ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.