ലോൺ ആപ്പുകൾക്ക് പൂട്ടിട്ട് കേരള പൊലീസ്; 99 അനധികൃത ലോൺ ആപ്പുകൾ നീക്കം ചെയ്തു
അനധികൃത ലോൺ ആപ്പുകൾക്കെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് കർശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളിൽ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകി. അനധികൃത ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് പൊലീസിന്റെ സൈബർ പട്രോളിങ്ങിലാണ് നിയമവിരുദ്ധ ആപ്പുകൾ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് സൈബർ ഓപ്പറേഷൻ വിങ് ഐടി സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധ ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ചത്. ലോൺ ആപ്പുകളുടെ അന്വേഷണത്തിനായി 620 പൊലീസുകാർക്കാണ് പരിശീലനം നൽകിയത്.