KERALAM

കേരള പൊതുരേഖ ബില്‍;സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗങ്ങള്‍ 26 നും 27 നും

2023 ലെ കേരള പൊതുരേഖ ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗങ്ങള്‍ സെപ്തംബര്‍ 26 ന് എറണാകുളം ജില്ലയിലും സെപ്തംബര്‍ 27 ന് കോഴിക്കോട് ജില്ലയിലും ചേരും. രജിസ്‌ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍പേഴ്‌സണായ സെലക്ട് കമ്മിറ്റി ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കായി സെപ്തംബര്‍ 26 ന് രാവിലെ 10.30 ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും മലപ്പുറം വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുള്ളവര്‍ക്കായി സെപ്തംബര്‍ 27 ന് രാവിലെ 10.30 ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറസ് ഹാളിലും ചേരും. തെളിവെടുപ്പ് യോഗങ്ങളില്‍ പൊതുജനങ്ങള്‍, പുരാതന രേഖകളുടെ ശേഖരണവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥാപനങ്ങള്‍, വിദഗ്ധര്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. 2023 ലെ കേരള പൊതുരേഖ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org എന്ന നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഹോം പേജിലും പ്രീ-ലെജിസ്‌ലേറ്റീവ് പബ്ലിക് കണ്‍സള്‍ട്ടേഷന്‍ എന്ന ലിങ്കിലും ലഭ്യമാണ്. ബില്ലിലെ വ്യവസ്ഥകളിന്മേല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും നേരിട്ടോ രേഖാമൂലമോ സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ‘അണ്ടര്‍ സെക്രട്ടറി, നിയമനിര്‍മ്മാണ വിഭാഗം, കേരള നിയമസഭ, തിരുവനന്തപുരം-33’ എന്ന മേല്‍വിലാസത്തില്‍ രേഖാമൂലമോ [email protected]. എന്ന ഇ-മെയില്‍ വിലാസത്തിലോ നവംബര്‍ 15 വരെ അയച്ചു നല്‍കാവുന്നതാണ്.