KERALAMTHRISSUR

കെ.എസ്.ടി.പി റോഡ് നിര്‍മാണം; അടിയന്തര യോഗം ചേര്‍ന്നു

കെ.എസ്.ടി.പി നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന ഷൊര്‍ണ്ണൂര്‍ – കൊടുങ്ങല്ലൂര്‍, തൃശൂര്‍ കുന്നംകുളം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികളും മേഖലയിലെ സ്വകാര്യ ബസ് സമരവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു. എം.എല്‍.എ.മാരായ എ.സി മൊയ്തീന്‍, വി ആര്‍ സുനില്‍കുമാര്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബസ് ഉടമ അസോസിയേഷന്‍ പ്രതിനിധികളുമായും ട്രേഡ് യൂണിയന്‍ നേതാക്കളുമായും ചര്‍ച്ച നടത്തി.

റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും കോഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും. തൃശൂര്‍ – കുന്നംകുളം റോഡില്‍ നിലവില്‍ പാച്ച് വര്‍ക്ക് നടത്താനുള്ള ഭാഗങ്ങളില്‍ വരുന്ന ശനിയാഴ്ചയ്ക്കകം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഡൈവേര്‍ഷനുള്ള ഇടങ്ങളില്‍ കൃത്യമായി സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണം. ട്രാഫിക് ഡൈവേര്‍ഷന്‍ കാരണം ഉണ്ടായ ബുദ്ധിമുട്ടുകളും സാങ്കേതികമായ വശങ്ങള്‍ പരിശോധിക്കാനും സബ് കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.