KERALAMTHRISSUR

മില്‍മ ഷോപ്പി-മില്‍മ പാര്‍ലര്‍ വായ്പ പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം നടത്തി

കോടാലി: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ മില്‍മയുമായി സംയോജിച്ച് നടപ്പിലാക്കുന്ന മില്‍മ പാര്‍ലര്‍-മില്‍മ ഷോപ്പി വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ കെ രാമചന്ദ്രന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പ ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തൃശ്ശൂര്‍ ജില്ലയിലെ കോടാലിയില്‍ മില്‍മ ഷോപ്പി ആരംഭിച്ച പ്രവീണയുടെ സംരംഭത്തിന് പ്രാരംഭംകുറിച്ചുകൊണ്ട് ആദ്യ വില്‍പ്പന നടത്തിയാണ് എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തത്.

കോര്‍പ്പറേഷന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന മില്‍മ പാര്‍ലര്‍-മില്‍മ ഷോപ്പി പദ്ധതിയിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനവിഭാഗത്തിലെ ഊര്‍ജ്ജസ്വലരായ യുവതീ യുവാക്കള്‍ക്ക് കുറഞ്ഞ മുതല്‍ മുടക്കില്‍ മികച്ച വരുമാനം നല്‍കുന്ന സംരംഭങ്ങള്‍ ആരംഭിക്കുവാനുള്ള സുവര്‍ണ്ണാവസരമാണ് കോര്‍പ്പറേഷന്‍ ഒരുക്കുന്നതെന്ന് എം.എല്‍.എ. ഉദ്ഘാടന പ്രസംഗത്തില്‍ അറിയിച്ചു. ചടങ്ങില്‍ എം.എല്‍.എ കോര്‍പ്പറേഷന്റെ വിവിധ പദ്ധതികള്‍ പ്രകാരമുള്ള വായ്പാ വിതരണവും നടത്തി.

മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലിയില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ യു ആര്‍ പ്രദീപ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി പി സുബ്രഹ്മണ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത് മുഖ്യാതിഥിതിയായി പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍മാരായ കെ വി ഉണ്ണികൃഷ്ണന്‍, കെ എസ് സൂരജ്, മില്‍മ തൃശ്ശൂര്‍ ഡയറി മാനേജര്‍ സി സജിത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പര്‍ റജിമോന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ തൃശ്ശൂര്‍ ജില്ലാ മാനേജര്‍ ടി പി വിദ്യ നന്ദി രേഖപ്പെടുത്തി.