കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും വകുപ്പ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി കെ. രാജന്‍
ഒല്ലൂര്‍: സ്‌കൂളില്‍ കായിക വകുപ്പിന്റെ സഹകരണത്തോടെ 50 ലക്ഷം രൂപ ചെലവഴിച്ച് ഒല്ലൂര്‍ വൈലോപ്പള്ളി ശ്രീധരമേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കളിസ്ഥലത്തിന്റെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനം ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം എന്ന നിലയില്‍ ഒല്ലൂരിന്റെ കായിക സമൃദ്ധി പദ്ധതിയില്‍പ്പെടുത്തി 13.5 കോടി രൂപ ചെലവഴിച്ച് ഏഴ് ഗ്രൗണ്ടുകള്‍ നവീകരിക്കുന്നതിനും ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. പട്ടിക്കാട്, കട്ടിലപൂവം, പീച്ചി, മൂര്‍ക്കനിക്കര, പൂത്തൂര്‍, ഒല്ലൂര്‍, മാടക്കത്തറ എന്നീ ഗ്രൗണ്ടുകള്‍ക്കാണ് പണം അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിയുടെ ഭാഗമായാണ് വൈലോപ്പള്ളി ശ്രീധരമേനോന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും ആധുനിക കളിസ്ഥലം ഒരുക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഒല്ലൂര്‍ മണ്ഡലത്തിലെ കായിക വകുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ രൂപീകരിക്കുന്നതിനൊപ്പം കായിക വകുപ്പില്‍ വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എം എല്‍ എ ഫണ്ടും കിഫ്ബി സഹായവും ഉപയോഗിച്ച് ജില്ലയില്‍ 17 ഇടങ്ങളില്‍ കായിക സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കുന്നംകുളം ഒരു പുതിയ സ്‌പോര്‍ട്‌സ് ഡിവിഷനാക്കി. 10 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്‌പോര്‍ട്‌സ് വികസനത്തിന് ഉടന്‍ ആരംഭിക്കും. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ഹെല്‍ത്തി കിഡ് പദ്ധതികൂടി ഒല്ലൂര്‍ മണ്ഡലത്തില്‍ ആരംഭിച്ചു. 3.60 കോടി രൂപ ചെലവഴിച്ചുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണല്‍ കായിക രംഗത്ത് മികവുറ്റ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിന് പാശ്ചാത്തല സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലമെങ്കിലും വികസിപ്പിച്ച് ഗ്രാമീണ ജനങ്ങളുടെ കായിക ക്ഷമത ഉറപ്പുവരുത്തുകയും ഉന്നത നിലവാരത്തിലുള്ള ആധുനിക കളിസ്ഥലങ്ങള്‍ നിര്‍മ്മിച്ച് ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിക്കുന്നതിന് കായിക താരങ്ങളെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യം.
ഒല്ലൂര്‍ നിയമസഭാ മണ്ഡലത്തിലെ വൈലോപ്പള്ളി ശ്രീധരമേനോന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ അധീനതയിലുള്ള ഗ്രൗണ്ടില്‍ കേരള സംസ്ഥാന കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുമാണ് നവീകരണത്തിന് പണം അനുവദിച്ച് ആധുനീകരിക്കുന്നത്. യോഗത്തില്‍ മേയര്‍ എം.കെ വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. കായിക യുവജന കാര്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. രമേഷ് പദ്ധതി വിശദീകരിച്ചു. കോര്‍പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജയപ്രകാശ് പൂവത്തിങ്കല്‍, കരോളിന്‍ ജറീഷ്. സ്‌കൂള്‍ വികസന സമിതി പ്രസിഡന്റ് ബാബു തച്ചനാടന്‍, പ്രൊഫ. വി.എ. വര്‍ഗ്ഗീസ്, പിടിഎ പ്രസിഡന്റ് ഷീബാ ജോജി. ജോസ് കാട്ടൂക്കാരന്‍, കെ.ആര്‍ സാംബശിവന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഗീതാ ദേവി എസ്, പ്രിന്‍സിപ്പാള്‍ ബിനി കെ.വി. തുടങ്ങിയവര്‍ സംബന്ധിച്ചു.