KERALAMTHRISSUR

കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു

മുളങ്കുന്നത്തുകാവ് : വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ്- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇവിടെ പ്രവേശനം നേടുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലെ വര്‍ധനവ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം കൈവരിച്ച പുരോഗതിയുടെ ഉദാഹരണമാണെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഉയര്‍ന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനമെന്ന നിലയില്‍ കേരളം ഇനി സാമ്പത്തികമായി കൂടി പുരോഗതിയാര്‍ജ്ജിക്കാനാണ് ശ്രമിക്കുന്നത്. മാനവശേഷിയുടെ വികസനത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി കൈവരിക്കാനാവൂ എന്നതിനാല്‍ കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനുള്ള സജീവ ഇടപെടലുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമാണ് ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍. ശ്രദ്ധേയമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച പരിശീലന-ഗവേഷണ സ്ഥാപനം കൂടിയായ കിലയുടെ ചരിത്രത്തില്‍ പുതിയൊരു നാഴികക്കല്ലാവും ഈ കലാലയമെന്നും മന്ത്രി എം.ബി. രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പുതിയ കോഴ്സുകളുടെയും ആദ്യ ബാച്ചിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിലയുടെ പുതിയ കലാലയവും ഈ കോഴ്സുകളും കേരള വിദ്യാഭ്യാസ മേഖലയിലെ വേറിട്ടതും സവിശേഷവുമായ സാന്നിദ്ധ്യമാണെന്ന് കോഴ്സുകളുടെയും ആദ്യബാച്ചിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മന്ത്രി എം.ബി. രാജേഷിന് കോഴ്സിന്റെ ഹാന്റ് ബുക്ക് കൈമാറിക്കൊണ്ടാണ് മന്ത്രി ഡോ. ആര്‍. ബിന്ദു കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കില കോളേജ് ഓഫ് ഡിസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവര്‍ണന്‍സില്‍ രണ്ടു കോഴ്‌സുകളാണ് അനുവദിച്ചത്. ബി.എ ഹോണേഴ്‌സ് ബിരുദ കോഴ്‌സുകളായ റൂറല്‍ ഡവലപ്‌മെന്റ് ആന്റ് ഗവേര്‍ണന്‍സ്, ജെന്‍ഡര്‍ ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയാണ് കോഴ്‌സുകള്‍. കോളേജ് വെബ്സൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സും കോളേജ് ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ജിജു പി. അലക്സും നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശ്രീകുമാര്‍ കില കോളേജ് ഓഫ് ഡീ സെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവേണന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കിലയുടെ 34 വര്‍ഷങ്ങള്‍ വിളംബരം ചെയ്യുന്ന 34 ഫലവൃക്ഷ തൈകള്‍ ക്യാമ്പസില്‍ വിശിഷ്ടാതിഥികള്‍ നട്ടു.

കിലയുടെ പിന്നിട്ട 34 വര്‍ഷങ്ങളുടെ ഓര്‍മ്മ പുതുക്കലിനായി കില ക്യാംപസില്‍ സംഘടിപ്പിച്ച ഫലവൃക്ഷതൈ നടല്‍ തദ്ദേശ സ്വയംഭരണ-എക്സൈസ്-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്ലാവ്, മാവ്, സപ്പോട്ട, സീതപ്പഴം, മര മുന്തിരി, കാറ്റ് ഫ്രൂട്ട്, ദുരിയാന്‍ ചക്ക, മിറാക്കിള്‍ ഫ്രൂട്ട് തുടങ്ങി വൈവിധ്യമാര്‍ന്ന ഫല വൃക്ഷതൈകളാണ് നട്ടുപിടിപ്പിച്ചത്. വടക്കാഞ്ചേരി എം.എല്‍.എ സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. ജിജു പി. അലക്സ്, കില ഡയറക്റ്റര്‍ ജനറല്‍ എ. നിസാമുദ്ദീന്‍, കില അസിസ്റ്റന്റ് ഡയറക്റ്റര്‍ (അഡ്മിനിസ്ട്രേഷന്‍) ഉണ്ണികൃഷ്ണന്‍ കെ.പി, കില ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. അമൃത കെപിഎന്‍, കില ജീവനക്കാര്‍ തുടങ്ങിയവര്‍ തൈ നടലില്‍ പങ്കെടുത്തു. 1990 ലായിരുന്നു തൃശൂരിലെ മുളങ്കുന്നത്തുകാവ് ആസ്ഥാനമാക്കി കില പ്രവര്‍ത്തനം തുടങ്ങിയത്.

കില ഡയറക്റ്റര്‍ ജനറല്‍ എ. നിസാമുദ്ദീന്‍ സ്വാഗതം പറഞ്ഞ ഉദ്ഘാടന ചടങ്ങില്‍ വടക്കാഞ്ചേരി എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ചേംബര്‍ ഓഫ് മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. അനില്‍ കുമാര്‍, ചേംബര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചെയര്‍മാന്‍ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.വി. നഫീസ, പിടിഎ പ്രസിഡന്റ് സ്മിത ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബസന്ത് ലാല്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ ദേവസ്സി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രഞ്ജു വാസുദേവന്‍, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സതി വിശ്വനാഥന്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കില ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. അമൃത കെ.പി.എന്‍ നന്ദിയും പറഞ്ഞു.