KERALAMTHRISSUR

അംഗപരിമിതയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തവും 10 വർഷം കഠിന തടവും

തൃശ്ശൂർ : അംഗപരിമിതിയുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്ത തടവും 10 വർഷം കഠിന തടവും, പിഴയും, ശിക്ഷ വിധിച്ചു. അംഗപരിമിതിയുള്ള മൈനറായ കുട്ടിയെ ബലാത്സംഘം ചെയ്ത കേസ്സിൽ പ്രതിയായ കൈപ്പറമ്പ് ദേശത്ത് കോട്ടയിൽ വീട്ടിൽ, പ്രേമൻ (57) എന്നയാൾക്കാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് എസ്. ലിഷ 3 ജീവപര്യന്തവും, 10 വർഷകഠിന തടവും മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചത്. പിഴസംഖ്യയിൽ നിന്നും 3 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനായും ജീവിതാവസാനം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധി പ്രഖ്യാപനത്തിലുണ്ട്.
2019-ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ വെച്ചും കുട്ടിയുടെ വീട്ടിൽ വെച്ചും പെൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. പിന്നീട് 2022 -ൽ വീണ്ടും കുട്ടിയെ ലൈംഗികപീഡനം നടത്തിയതിനെതിരെ മറ്റൊരു കേസ്സും നിവലിലുണ്ട് .
അംഗ പരിമിതിയുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം കാണിച്ച പ്രതിക്കെതിരെ ബന്ധപ്പെട്ട നിയമത്തിലെ വകുപ്പു കൂടി ചേർത്താണ് കേസ്സെടുത്തിരുന്നത്. 2019- ൽ ഉണ്ടായ സംഭവം പിന്നീട് 2022-ലാണ് കുട്ടി വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് പേരാമംഗലം പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിക്കെതിരെ അന്വേഷണം നടത്തി. പേരാമംഗലം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പേരാമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക് കുമാർ കേസ്സ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയും പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.സബ് ഇൻസ്പെക്ടർ ബാബു അന്വേഷണ സഹായിയായിരുന്നു. ഈ കേസ്സിൽ 15 സാക്ഷികളെ വിസ്തരിക്കുകയും, നിരവധി രേഖകളും തെളിവുകളും, പരിശോധിച്ചുമാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.കെ. എസ് ബിനോയ്, പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ. രഞ്ജിക.കെ ചന്ദൻ , അഡ്വ. അശ്വതി, പേരാമംഗലം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഔഫീസർ ഷാജു പി.ടി, കുന്നംകുളം പോലീസ് സ്റ്റേഷനിലെ, സിവിൽ പൊലീസ് ഔഫീസർ പ്രശോഭ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എം. ഗീത എന്നിവരും പ്രവർത്തിച്ചു.