KERALAM

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137.5 അടിയായി; തീരത്ത് ജാഗ്രതാ നിര്‍ദേശം; അണക്കെട്ട് നാളെ തുറക്കും

തിരുവനന്തപുരം: ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. ജലനിരപ്പ് 137.5 അടിയില്‍ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതല്‍ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാനാണ് തീരുമാനം. സെക്കന്‍ഡില്‍ പരമാവധി 10000 ക്യൂമെക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. ഇന്ന് ജില്ലയില്‍ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തില്‍ മഴ ലഭിക്കുന്നത്.