KERALAMTHRISSUR

ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നിപ്മറിന് ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്കാരം ലഭിച്ചു

ഇരിങ്ങാലക്കുട: ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനെ (നിപ്മർ) തേടി ഐക്യരാഷ്ട്രസംഘടനയുടെ കർമ്മസേന പുരസ്കാരം. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പകർച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതികവിദ്യാ മേഖലയിലും (Assistive Technology) നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് നിപ്മറിനെ യുഎൻ പുരസ്കാരത്തിന് അർഹമാക്കിയത്. 2023 വർഷത്തിൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമുറ്റ പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽ നിന്നാണ് നിപ്മർ അന്താരാഷ്ട്ര പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ വകുപ്പുമന്ത്രിയുടെ അധ്യക്ഷതയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് നിപ്മർ. എല്ലാത്തരം ഭിന്നശേഷികളുടെയും പുനരധിവാസപ്രക്രിയകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മികവിന്റെ കേന്ദ്രമായി തീർന്നിരിക്കുന്ന നിപ്മർ, ലോക നിലവാരത്തിലുള്ള സ്ഥാപനമായി അംഗീകരിക്കപ്പെടുകയാണ് യുഎൻ പുരസ്കാരത്തിലൂടെ. പകർച്ചേതര വ്യാധികളുടെ നിയന്ത്രണത്തിലും മാനസികാരോഗ്യ രംഗത്തും സഹായക സാങ്കേതികവിദ്യയിലും അന്താരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിപ്മർ നൽകുന്ന സംഭാവനകളെ പ്രത്യേകം എടുത്തു പറഞ്ഞാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ലോക നിലവാരത്തിലുള്ള പുനരധിവാസ ചികിത്സാ സൗകര്യങ്ങളൊരുക്കി പ്രവർത്തിച്ചു വരുന്ന നിപ്മറിന് തുടർച്ചയായി ലഭിച്ചു വരുന്ന അംഗീകാരത്തിൽ ഒടുവിലത്തെതാണ് യുഎൻ കർമ്മസേന പുരസ്കാരം. കഴിഞ്ഞ മൂന്നുവർഷവും തുടർച്ചയായി ഭിന്നശേഷി മേഖലയിലെ പ്രവർത്തനത്തിന് സംസ്ഥാന പുരസ്‌കാരം നിപ്മർ നേടിയിരുന്നു. ഭിന്നശേഷി പുനരധിവാസത്തിന് വെർച്വൽ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ഒരുക്കിയ നിപ്മറിനെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള സഹായക സാങ്കേതികവിദ്യാ പരിശീലന പരിപാടിയ്ക്കും തിരഞ്ഞെടുത്തിരുന്നു. വെർച്വൽ റിയാലിറ്റി അധിഷ്ഠിത ചികിത്സ, അക്ക്വാറ്റിക് തെറാപ്പി, അഡാപ്റ്റീവ് റിക്രീയേഷൻ സൗകര്യം, ഫീഡിങ് ഡിസോർഡർ ക്ലിനിക്, കുട്ടികളിൽ ഏറ്റമധികം കണ്ടുവരുന്ന പെരുമാറ്റപ്രശ്നമായ അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ പരിഹരിക്കാനുള്ള എ ഡി എച്ച് ഡി ക്ലിനിക്, നട്ടെല്ലിന് ക്ഷതം, പക്ഷാഘാതം, ബ്രെയിൻ ഇഞ്ചുറി തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്കായുള്ള സ്‌പൈനൽ കോഡ് ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ യുവാക്കൾക്കുള്ള തൊഴിൽപരിശീലന സംവിധാനം, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ഡെന്റൽ ക്ലിനിക്, വൈകല്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനുമുള്ള സ്റ്റെപ്സ് പ്രോഗ്രാം എന്നിവ നിപ്മറിലെ പ്രത്യേക ആകർഷണങ്ങളായി കേരളത്തിനകത്തും പുറത്തും ഇതിനകം മാറിയിട്ടുണ്ട്. തെറാപ്പി സൗകര്യങ്ങൾ കൂടാതെ ഈ രംഗത്തെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്നതിനായി കേരള ആരോഗ്യ സർവ്വകലാശാലയുടെ അംഗീകാരമുള്ള ബാച്ചിലർ ഓഫ് ഒക്യൂപ്പേഷണൽ തെറാപ്പി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ, കെയർ ഗിവേഴ്സ് ട്രെയിനിങ് പ്രോഗ്രാം എന്നിവയും നിപ്മറിലെ പ്രത്യേകതകളാണ്. ഭിന്നശേഷി സഹായക ഉപകരണങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള സൗകര്യമുള്ളതാണ് നിപ്മറിലെ സെന്റർ ഫോർ മോബിറ്റി ആൻഡ് അസിസ്റ്റീവ് ടെക്നോളജി.

വിവിധ ഭിന്നശേഷികൾക്കായി അന്താരാഷ്ട്ര നിലവാരത്തിനനുസൃതമായ ചികിത്സാ സേവനങ്ങളും കൗൺസിലിംഗ് സേവനങ്ങളും നല്കിവരുന്ന നിപ്മറിൻ്റെ സേവനങ്ങൾ കേരളത്തിനകത്തും പുറത്തും കൂടുതൽ ജനവിഭാഗങ്ങൾക്ക് ഉപയുക്തമാക്കാൻ അന്താരാഷ്ട്ര പുരസ്കാരം പ്രചോദനമേകും. സെറിബ്രൽ പാൾസി, ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള പ്രത്യേക സ്പെഷ്യൽ സ്കൂളുകൾ, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഡെവലപ്മെന്റൽ തെറാപ്പി, ബിഹേവിയറൽ തെറാപ്പി എന്നിവയ്ക്കായുള്ള ഏറ്റവും ആധുനിക സൗകര്യങ്ങളോടെയുള്ള നിപ്മറിൻ്റെ പ്രവർത്തനങ്ങളെ ഇനിയും ലോകാംഗീകാരങ്ങൾ തേടിയെത്താൻ പുരസ്കാരം വഴിയൊരുക്കും. ഇനിയും ഉയരങ്ങളിലേക്ക് കേരളത്തിൻ്റെ ഈ അഭിമാനസ്ഥാപനത്തെ നയിക്കാനുള്ള പ്രതിജ്ഞാബദ്ധമായ പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പും കേരള സർക്കാരും. സെപ്റ്റംബർ 25ന് ന്യൂയോർക്ക് സമയം പന്ത്രണ്ടു മണിയ്ക്ക് യുഎൻ പൊതുസഭയുടെ എഴുപത്തൊമ്പതാം സമ്മേളനത്തിന് അനുബന്ധമായി ‘കർമ്മസേന സൗഹൃദ’ (Friends of the Task Force meeting) യോഗത്തിലാണ് ‘യുഎൻ കർമ്മസേന പുരസ്കാര’ സമർപ്പണം.