പുനരധിവാസ പ്രശ്നത്തിന് പരിഹാരമാകുന്നു; ആനക്കയം നിവാസികള്‍ക്ക് വനാവകാശരേഖയായി
തൃശ്ശൂർ: ആനക്കയം നിവാസികളുടെ പുനരധിവാസ പ്രശ്നത്തിന് പരിഹാരമാകുന്നു. 24 ഗുണഭോക്താകള്‍ക്ക് വനാവകാശരേഖ അനുവദിച്ചു. നേരത്തെ വനാവകാശ നിയമപ്രകാരം അനുവദിച്ച 1.7812 ഹെക്ടര്‍ ഭൂമി 2018 ഉരുള്‍പ്പൊട്ടലിലാണ് താമസയോഗ്യമല്ലാതായത്. ഇതിനെ തുടര്‍ന്ന് ചാലക്കുടി താലൂക്ക് അതിരപ്പിളളി വില്ലേജിലെ പോത്തുംപാറയില് തത്തുല്യമായ ഭൂമി അനുവദിക്കുന്ന കാര്യത്തില്‍ ഊരു കൂട്ടത്തിന്റെ തീരുമാനം ജില്ലാതല സമിതിയും 2023 ഓഗസ്റ്റില്‍ സംസ്ഥാനതല സമിതിയും അംഗീകരിച്ചു. തുടര്‍ന്ന് പോത്ത്പാറയിലെ നിര്‍ദ്ദിഷ്ട ഭൂമി ചാലക്കുടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ നിലവിലെ 24 കുടുംബങ്ങള്‍ക്കായി 1.7812 ഹെക്ടര്‍ ഭൂമി സര്‍വേ നടത്തുന്നതിനു ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യൻ നിര്‍ദേശം നൽകി. ഇതുപ്രകാരം ഭൂമി പ്ലോട്ടുകളായി തിരിക്കുകയും ചെയ്തു. ഈ സ്ഥലത്തിനാണ് വനാവകാശ രേഖ അനുവദിച്ചത്. ജില്ലയില്‍ നടക്കുന്ന പട്ടയമേളയില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് ഗുണഭോക്താകള്‍ക്ക് രേഖ കൈമാറും. ഇതിന് പുറമേ, ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക ഊരുകൂട്ടം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ഭൂമിയില്‍ വീട് നിര്‍മിക്കുന്നതിന് തുടർനടപടി വേഗത്തിൽ ആക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.