കേരള ജനതക്ക് ഒറ്റ മനസ്സോടെ പ്രവർത്തിക്കാൻ ശ്രീനാരായണ ഗുരു വചനങ്ങൾ പ്രേരകശക്തി; മന്ത്രി കെ.രാജൻ
തൃപ്രയാർ: നാട്ടിക ശ്രീ നാരായണ ഗുരു മന്ദിരാങ്കണത്തിൽ വിവിധ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ നൂറ്റിഎഴുപതാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം റവന്യു വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചെങ്കിൽ ആ കെട്ട കാലത്തെ മാറ്റിയെടുക്കുന്നതിൽ അരിവിപ്പുറം പ്രതിഷ്ഠ മുതൽ ശ്രീ നാരായണഗുരു വഹിച്ച പങ്ക് ആർക്കും മറച്ചുവെക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
വയനാട് ഉണ്ടായ അതിദാരുണമായ പ്രകൃതി ദുരന്തങ്ങളിൽനിന്നും ആ പ്രദേശത്തെ ജനങ്ങളെ ഒന്നായി ചേർത്തുപിടിക്കുന്നതിനായി ഇന്ന് കേരള ജനതക്ക് ഒറ്റ മനസ്സോടെ പ്രവർത്തിക്കാൻ കഴിയുന്നതിൽ ശ്രീ നാരായണ ഗുരുവിന്റെ സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു.
നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശൻ മുഖ്യ അതിഥിയായി.
ഗുരു ജയന്തിയോട് അനുബന്ധിച്ച് നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുളള സമ്മാനങ്ങൾ റവന്യൂ മന്ത്രി കെ.രാജനും പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ.ദിനേശനും വിതരണം ചെയ്തു. സാമൂഹ്യ ക്ഷേമനിധിയുടെ വിദ്യാഭ്യാസ അവാർഡുകൾ ഗുരു മന്ദിരാങ്കണത്തിലെ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ സാരഥികൾ വിതരണം ചെയ്തു. ആഘോഷ കമ്മിറ്റി പ്രസിഡൻറ് എ.വി.സഹദേവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സി.കെ. സുഹാസ്, എൻ.എ.പി.സുരേഷ്കുമാർ, സി.പി.രാമകൃഷ്ണൻ മാസ്റ്റർ, ബൈജു കോറോത്ത് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി. വനിതാസംഘം അവതരിപ്പിച്ച കലാപരിപാടികളും ഉണ്ടായിരുന്നു.