KERALAM

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണം; കേരളത്തിന് കത്തയച്ച് തമിഴ്‌നാട്

കൊച്ചി: ശബരിമലയിലെ തിരക്കില്‍ കേരളത്തിന് വീണ്ടും തമിഴ്‌നാടിന്റെ കത്ത്. തീര്‍ത്ഥാടകര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറിയാണ്, കേരള ചീഫ് സെക്രട്ടറിക്ക് കത്തയച്ചത്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ മാസവും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിയന്ത്രണങ്ങളുടെ ഭാഗമായി ശബരിമലയിലെ തിരക്കില്‍ നേരിയ കുറവുണ്ട്. മകരവിളക്കിന് വെര്‍ച്വല്‍ ക്യൂ പരിമിതപ്പെടുത്തിയെങ്കിലും ശബരിമലയിലെത്തുന്ന ആരെയും തടയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അറിയിച്ചു. സ്‌പോട്ട് ബുക്കിംഗ് നിര്‍ത്തലാക്കിയതും എരുമേലി പേട്ട തുളളലിന്റെയും പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച സന്നിധാനത്ത് തിരക്ക് കുറയാന്‍ കാരണം. പമ്പയിലും നിലയ്ക്കും തീര്‍ത്ഥാടകരുടെ തിരക്കില്ല. മകരവിളക്കിന് മുന്‍പ് എത്തുന്ന തീര്‍ത്ഥാടകര്‍ സന്നിധാനത്തെ തമ്പടിക്കുന്നത് കണക്കിലെടുത്ത് മകരവിളക്കിനും തലേ ദിവസവും വെര്‍ച്വല്‍ ക്യൂ യഥാക്രമം 50000ഉം 40000 ഉം ആയി കുറച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തീര്‍ത്ഥാടകരുടെ തിരക്ക് കാരണം ശബരിമല സന്നിധാനത്ത് കൈവരി തകര്‍ന്നിരുന്നു. ഫ്ലൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ബലക്ഷയം ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല