KERALAM

എരുമേലിയില്‍ ചന്ദനം ചാർത്തുന്നതിന് ഫീസ് നൽകണം

ശബരിമല: ശബരിമല തീര്‍ത്ഥാടനത്തിനത്തിന്റെ ഭാഗമായി എരുമേലിയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ ഇനി മുതല്‍ ചന്ദനക്കുറി തൊടാന്‍ പണം നല്‍കണം. പത്തു രൂപയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണത്തെ തീര്‍ത്ഥാടന കാലം മുതലാണ് തീരുമാനം നടപ്പാക്കുക. എരുമേലിയിലെത്തുന്ന അയ്യപ്പന്‍മാര്‍ പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാല്‍ കുറി തൊടുന്നതാണ് ആചാരം. ഇതിനാണ് ആദ്യമായി ദേവസ്വം ബോര്‍ഡ് പണം ഈടാക്കാന്‍ തീരുമാനിച്ചത്. ക്ഷേത്രത്തിലെ ആനക്കൊട്ടിലിന് സമീപം നാലിടങ്ങളിലായാണ് കുറി തൊടാനുള്ള സൗകര്യം ഒരുക്കുക. ചന്ദനക്കുറി തൊടാനുള്ള സൗകര്യം ഒരുക്കുന്നതിന് കരാറും നല്‍കി. ഇതില്‍ ഒരിടം മൂന്നുലക്ഷം രൂപക്കും മൂന്നിടങ്ങള്‍ ഏഴ് ലക്ഷം രൂപക്കും കരാറായിട്ടുണ്ട്. ഭക്തരില്‍ നിന്ന് പത്തു രൂപ വീതം ഈടാക്കാമെന്നാണ് കരാറില്‍ പറഞ്ഞിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ നേരത്തേയും കുറി തൊടാന്‍ സൗകര്യംമുണ്ടായിരുന്നു. പേട്ടതുള്ളൽ കഴിഞ്ഞ് കടവിൽ കുളിച്ച് ഭക്തർ ഇവിടെയെത്തി ചന്ദനവും സിന്ദൂരവും ചാർത്തും. ഭക്തര്‍ കുറി തൊട്ട ശേഷം ഇഷ്മുള്ള തുക സംഭാവനയായും നല്‍കിയിരുന്നു. ഇതാണിപ്പോൾ നിര്‍ബന്ധിത പണപ്പിരിവിലേക്ക് മാറ്റിയിരിക്കുന്നത്.