KERALAMTHRISSUR

ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതി ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

മുരിയാട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനോട് അനുബന്ധിച്ച് മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂര്‍ പൊതുമ്പുചിറ ശുചീകരണ യഞ്ജം രണ്ടാം ഘട്ടം മാതൃകാപരമായി നടപ്പിലാക്കിക്കൊണ്ട് ക്ലീന്‍ ഗ്രീന്‍ മുരിയാട് പദ്ധതിക്ക് തുടക്കം കുറിച്ചു. 3 ഏക്കര്‍ വിസ്തൃതിയുള്ള പൊതുമ്പു ചിറയുടെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നിര്‍വ്വഹിച്ചു. പൊതുമ്പുചിറയെ ടൂറിസം ഹബ്ബാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. മുരിയാട് ഗ്രാമപഞ്ചായത്തിനെ 2025 ജനുവരി മുപ്പതോടുകൂടി പൂര്‍ണമായും മാലിന്യമുക്തമാക്കികൊണ്ട് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 2025 ജനുവരി 30 നകം ക്ലീന്‍ ഗ്രീന്‍ മുരിയാട് സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനത്തിനുള്ള കലണ്ടര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ട്യന്‍ പ്രകാശനം ചെയ്തു.

പൊതുജനങ്ങള്‍ക്കും, മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയായികൊണ്ട് എല്ലാ ജനപ്രതിനിധികളുടേയും, ഉദ്യോഗസ്ഥരുടേയും വീടുകളുടെ ഹരിതഗൃഹ പ്രഖ്യാപനവും നടത്തി. നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍, ബ്ലോക്ക് മെമ്പര്‍, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ശുചീകരണപ്രവര്‍ത്തനത്തിന് ആശംസ അറിയിച്ചു. കുടുംബശ്രീ, ഹരിത കര്‍മ്മസേന, തൊഴിലുറപ്പ്, എന്‍എസ്എസ്, ഗൈഡ്‌സ്, ചലഞ്ചേഴ്‌സ് ക്ലബ്ബ്, സമരിറ്റന്‍ സൊസൈറ്റി, ജെസിഐ, പുല്ലൂര്‍ വായനശാല, പാടശേഖരസമിതി എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളൂക്കാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ പി ജസീന്ത നന്ദിയും പറഞ്ഞ ചടങ്ങില്‍ നവകേരളം കര്‍മ്മപദ്ധതി ജില്ല കോ ഓര്‍ഡിനേറ്റര്‍ സി ദിദിക മുഖ്യതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കെ യു വിജയന്‍, വികസനകാര്യ സമിതി ചെയര്‍മാന്‍ കെ പി പ്രശാന്ത്, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സരിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി വരിക്കശ്ശേരി, വാര്‍ഡ് അംഗങ്ങളായ തോമസ് തൊകലത്ത്, നിജി വത്സന്‍, കെ. വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മണി സജയന്‍, റോസ്മി ജയേഷ്, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ സുനിത രവി, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ശ്രീജ, എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ സുധീര്‍ മാസ്റ്റര്‍, സമരിറ്റന്‍ സൊസൈറ്റി സെക്രട്ടറി പിന്റോ, ചലഞ്ച് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് പ്രസിഡന്റ് ടോജോ തൊമ്മാന, ജെ സി ഐ പ്രതിനിധി ലിസന്‍ പുല്ലൂര്‍, വായനശാല പ്രസിഡന്റ് കെ ജി മോഹനന്‍, ക്ഷീരസംഘം പ്രസിഡന്റ് കെ എം ദിവാകരന്‍, ചാര്‍ളി, വിന്‍സന്റ് ആലപ്പാടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.