മനം നിറച്ച് മധുര സംഗീത രാവ്
ജനഹൃദയങ്ങൾ കീഴടക്കി എൻ്റെ കേരളത്തിന് തുടക്കമായി
എൻ്റെ കേരളം മെഗാ പ്രദർശന വിപണമേളയുടെ ആദ്യദിനത്തിൽ മധുര സംഗീതത്തിൻ്റെ തോരാമഴ സമ്മാനിച്ച് അമൃതംഗമയ ബാൻഡ്. പഴമയുടെ പുതുമ വിടാതെയുള്ള അമൃത സുരേഷിൻ്റെയും അഭിരാമി സുരേഷിൻ്റെയും ഓരോ ഗാനാലാപനവും സംഗീതാസ്വാദനത്തിൻ്റെ പുത്തൻ അനുഭൂതികൾ പകർന്നു.
മേളയുടെ ആദ്യദിനത്തിൽ സാംസ്കാരിക ഘോഷയാത്രയിൽ ഉൾപ്പെടെ പങ്കെടുക്കാനെത്തിയ ആയിരങ്ങൾ പരിപാടിയെ നെഞ്ചോട് ചേർത്തു.
തലമുറ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ഉൾക്കൊണ്ട് തേക്കിൻകാട് മൈതാനം സംഗീതത്തിൻ്റെ പൂരപ്പറമ്പായി.
മലയാള ചലച്ചിത്ര ഗാനങ്ങളെ അവതരണത്തിലും സ്വരമാധുര്യത്തിലും വ്യത്യസ്തതകൾ നിലനിർത്തി മധുര സംഗീതത്തിൻ്റെ ആസ്വാദനം തീർത്തു അമൃതംഗമയ ബാൻഡ്. ക്ലാസിക്കും, മെലഡിയും, റിമിക്സും, നാടൻ പാട്ടും, അടിച്ചുപൊളി ഗാനങ്ങളുമെല്ലാമായി സംഗീത വിസ്മയം തീർത്തു.
എല്ലാരും ചൊല്ലണ് പാടി തുടങ്ങിയ സംഗീത മഴയുടെ താളം പേമാരി കണക്കെ കാണികളിൽ പെയ്തൊഴിഞ്ഞു. പ്രായവ്യത്യാസങ്ങൾ ഇല്ലാത്ത ആസ്വാദകരാണ് എൻ്റെ കേരളം മേളയെയും വൈവിധ്യമർന്ന പരിപാടികളെയും ഏറ്റെടുക്കുന്നത്.
