ആത്മഹത്യയെ പ്രതിരോധിക്കാന്‍ സൗഹൃദസമേതം സംഘടിപ്പിച്ചു
ആത്മഹത്യയെയും ആത്മഹത്യാ പ്രവണതയെയും പ്രതിരോധിക്കാന്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍ക്കും പിടിഎ, എസ്എംസി, എംപിടിഎ പ്രതിനിധികള്‍ക്കുമുള്ള പരിശീലനപരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ കായികകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ അധ്യക്ഷനായി.
സമേതം സമഗ്ര വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായാണ് ഹയര്‍ സെക്കന്ററി സൗഹൃദക്ലബ്ബുകളുടെ നേതൃത്വത്തില്‍ ജില്ലാ മാനസിക ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ 50 ആര്‍.പി മാര്‍ക്ക് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കി. തുടര്‍ന്ന് 168 അധ്യാപകര്‍ക്ക് വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുന്നതിന് മുന്നോടിയായിട്ടാണ് പ്രിന്‍സിപ്പല്‍മാര്‍ക്കും പിടിഎ, എസ്എംസി, എംപിടിഎ പ്രതിനിധികള്‍ക്കും പരിശീലനം നല്‍കിയത്. ഡോ. എസ്.വി സുബ്രഹ്മണ്യന്‍, ഡോ. പി.കെ. റഹിമുദീന്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു.
11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത വര്‍ഷം താഴെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കും ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിക്കും.
നവംബര്‍ 30 നുള്ളില്‍ വിദ്യാലയങ്ങളില്‍ സ്‌കൂള്‍ വെല്‍നെസ് ടീം രൂപീകരിക്കും. യുനെസ്‌കോ അംഗീകരിച്ച 10 ലൈഫ് സ്‌കില്ലുകളുടെ പ്രായോഗിക പരിശീലനത്തിലൂടെ കുട്ടികളിലെ മാനസികാരോഗ്യം വീണ്ടെടുക്കുവാനും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുവാന്‍ കുട്ടികളെ പഠിപ്പിക്കുവാനുമുള്ള ചുമതല പിടിഎ കമ്മിറ്റിയുടെ ഉത്തരവാദിത്വത്തില്‍ നിറവേറ്റപ്പെടും. നവംബര്‍ 20 ന് നടക്കുന്ന സൗഹൃദ ഡേ ആചരണത്തോടനുബന്ധിച്ച് മുഴുവന്‍ ഹയര്‍ സെക്കന്ററി വിദ്യാലയങ്ങളിലും ലൈഫ് സ്‌കില്ലുകളുടെ വിവിധതരത്തിലുള്ള അവതരണങ്ങള്‍ അരങ്ങേറും. ജനപ്രതിനിധികളുടെയും പിടിഎ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരിക്കും വിദ്യാലയതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം എ.വി. വല്ലഭന്‍, ഹയര്‍സെക്കന്ററി ജോയിന്റ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിപാടികളുടെ കോര്‍ഡിനേറ്റര്‍ ടി.വി മദനമോഹനന്‍, ജില്ലാ ഹയര്‍സെക്കന്ററി കോര്‍ഡിനേറ്റര്‍ വി.എം. കരീം, സമേതം അസി. കോര്‍ഡിനേറ്റര്‍ വി. മനോജ്, സൗഹൃദസമേതം ജില്ലാ കോര്‍ഡിനേറ്റര്‍ പി.ഡി. പ്രകാശ്ബാബു, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ പി.എസ് സരിത തുടങ്ങിയവര്‍ സംസാരിച്ചു.