അദാലത്ത് തുണയായി; എൺപത്തിനാലാം വയസിൽ പദ്മാവതിയമ്മയ്ക്ക് ഭൂമി
പതിറ്റാണ്ടുകളായി പട്ടയത്തിനപേക്ഷിച്ചു കാത്തിരിക്കുന്ന 84 വയസ്സുകാരി പത്മാവതി അമ്മയ്ക്കും കുടുംബത്തിനും കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ ആശ്വാസം.
കൊടുങ്ങല്ലൂർ താലൂക്കിലെ ലോകമല്ലേശ്വരം കുണ്ടൂർ വീട്ടിൽ പരേതയായ അമ്മിണി അമ്മയുടെ സഹോദരി പദ്മാവതി അമ്മ, അമ്മിണി അമ്മയുടെ മക്കളായ രാജീവൻ, അംബികാദേവി ഗീതാദേവി, മായാദേവി, എന്നിവർക്കാണ് ഡിസംബർ 31 നുള്ളിൽ പട്ടയം നൽകാൻ റവന്യു മന്ത്രി കെ. രാജൻ നിർദേശം നൽകിയത്. പദ്മാവതി അമ്മയും സഹോദരിയുടെ മക്കളും അവിവാഹിതരാണ്. അവിവാഹിതർക്കുള്ള പെൻഷനാണ് ഇവരുടെ ഇപ്പോഴത്തെ ഏക വരുമാനം.
ലോകമല്ലേശ്വരം വില്ലേജിലെ സർവ്വേ നമ്പർ 428/ 02 ൽ പ്പെട്ട 2 സെൻ്റ് ഭൂമി പാട്ട കുടിശിക എഴുതിത്തള്ളി കമ്പോള വില ഈടാക്കാതെ പതിച്ചു നൽകുന്നതിന് 2008ൽ തീരുമാനമായിരുന്നു. പക്ഷേ, പലവിധ കാരണങ്ങളാൽ ഇവർക്ക് പട്ടയം ലഭിച്ചില്ലെന്ന് പരാതിക്കാർ റവന്യൂ മന്ത്രിയെ അറിയിച്ചു.
പരാതി കേട്ട മന്ത്രി ഡിസംബർ 31നുള്ളിൽ ഇവരുടെ പരാതി പരിഹരിച്ച് സ്ഥലത്തിനു പട്ടയം നൽകണമെന്ന് കൊടുങ്ങല്ലൂർ തഹസിൽദാരോട് നിർദ്ദേശിക്കുകയായിരുന്നു.
