51 വർഷത്തിന് ശേഷം ഒരു അപൂർവ സംഗമത്തിന് വേദിയായി നാട്ടിക ശ്രീനാരായണ കോളേജ്
നാട്ടിക ശ്രീനാരായണ കോളേജ് വേദിയായത് ഒരു അപൂർവ സംഗമത്തിന്. “സുഗതാ… നിനക്കന്ന് ചുരുണ്ട മുടിയായിരുന്നല്ലോ “. അരുണൻ മാഷിന്റെ ചോദ്യം കേട്ട് സുഗതൻ തന്റെ കഷണ്ടിത്തല തടവി ചിരിച്ചു. 51 വർഷത്തിന് ശേഷം 1973 ൽ പഠിച്ചിറങ്ങിയ ആ ബി എ ഇക്കോണമിക്സ് ബിരുദ വിദ്യാർത്ഥികൾ വീണ്ടും കൂടിച്ചേർന്നു, കൂടെ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനും മുൻ എം എൽ എ യുമായ അരുണൻ സർ, തോളൂർ ശശിധരൻ സർ, സിറിയക് സർ എന്നിവരും. പലരും എത്തിയത് ജീവിതപങ്കാളിയെയോ മക്കളെയോ കൂട്ടിയാണ്. എങ്കിലും പണ്ടത്തെ ഓർമകളിൽ വീണ്ടും കുസൃതികളായി. ചിരിയും കളിയാക്കലും നിറഞ്ഞു. അന്നത്തെ അധ്യാപക വിദ്യാർത്ഥി ബന്ധത്തെ പറ്റി വാചാലരായി അവർ. ഇടയ്ക്കിടെ കൂടണം എന്ന് പരസ്പരം പറഞ്ഞാണ് അവർ പിരിഞ്ഞത്. ഡോ പി എസ് ജയ സംഗമം ഉദ്ഘാടനം ചെയ്തു. പ്രകാശൻ ഇയ്യാനി, രവി, ബേബി, സുഗതൻ, മീന, ഹേമ എന്നിവരാണ് പരിപാടി സംഘടിപ്പിച്ചത്.
