സമൂഹങ്ങള്‍ നയിക്കട്ടെ; എയ്ഡ്സ് ദിനാചരണം നടത്തി
തൃശൂർ: ‘സമൂഹങ്ങള്‍ നയിക്കട്ടെ’ എന്ന സന്ദേശവുമായി എയ്ഡ്സ് ദിനാചരണം നടത്തി. വിമലാ കോളജില്‍ നടന്ന തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. 2025 ഓടുകൂടി പുതിയ എച്ച്.ഐ.വി ബാധിതര്‍ കേരളത്തില്‍ ഉണ്ടാവരുതെന്നും എച്ച്.ഐ.വി പ്രതിരോധിക്കാന്‍ വേണ്ട ജാഗ്രതയും കരുതലും കാത്തുസൂക്ഷിക്കണമെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ പി.കെ. ഡേവിസ് മാസ്റ്റര്‍ ആഹ്വാനം ചെയ്തു. എച്ച്.ഐ.വി ബാധിതരെ സംബന്ധിച്ച അബദ്ധധാരണകള്‍ മാറ്റുന്ന പൊതുബോധം ഇനിയും വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും പി.കെ. ഡേവിസ് മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
എയ്ഡ്സിനെതിരായ പ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന എന്‍.എസ്.എസ് വോളണ്ടിയേഴ്സിനെയും ആരോഗ്യ പ്രവര്‍ത്തകരെയും ചടങ്ങില്‍ അനുമോദിച്ചു. എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വിമലാ കോളജ് മുതല്‍ കേരള പോലീസ് അക്കാദമി വരെ നടന്ന വിളംബര റാലി ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. രേഖ ഗോപിനാഥ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ വിജയികളായ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ്, വിമല കോളേജ്, കേരളവര്‍മ്മ കോളേജ് (യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനീയര്‍) എന്നിവര്‍ക്കുള്ള സമ്മാനദാനവും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നല്കി. സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എയ്ഡ്സ് പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആരോഗ്യ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോര്പ്പറേഷന് ഡിവിഷന് കൗണ്‍സിലര്‍ രാധിക അശോകന് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന വിശിഷ്ടാതിഥിയായിരുന്നു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ് കുമാര്‍, ജില്ലാ എയ്ഡ്സ് കണ്ട്രോള് ഓഫീസര്‍ ഡോ. രേഖ ഗോപിനാഥ്, വിമല കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ബീന ജോസ്, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍മാരായ രഞ്ജിത്ത് വര്‍ഗ്ഗീസ്, സന്തോഷ് പി. ജോസ്, ആന്‍ മരിയ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.