KERALAMTHRISSUR

അക്ഷരം ആവേശമാക്കി അനീഷ

തളിക്കുളം: 22 വർഷത്തിനിപ്പുറം ആവേശത്തിന്റെയും പ്രതീക്ഷയുടെയും പരീക്ഷയെഴുതി തൃശ്ശൂർ തളിക്കുളം സ്വദേശിനി 32കാരി അനീഷ. ചോദ്യപേപ്പർ വാങ്ങി ഉത്തരം എഴുതിത്തുടങ്ങും മുന്നേ അനീഷയുടെ ചോദ്യമെത്തി പത്താംതരം പരീക്ഷ ഇനി എന്ന് എഴുതാമെന്ന്. സാമൂഹിക നീതി വകുപ്പിന്റെ പ്രത്യേകാനുമതിയിൽ സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ സ്വന്തം വീട്ടിലിരുന്ന് പരീക്ഷയെഴുതുമ്പോൾ അനീഷ അഷറഫിന്റെ ഓർമ്മകൾ പഴയ സ്കൂൾ കാലത്തേക്ക് മടങ്ങിപ്പോയിട്ടുണ്ടാവും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് നട്ടെല്ല് വളയുന്ന രോഗം അനീഷക്ക് പിടി പെടുന്നത്. അതിനാൽ അധിക നേരം ഇരിക്കാനാ എഴുതാനോ കഴിയാത്ത അവസ്ഥയിൽ ആണ് . രോഗത്തെ തുടർന്ന് അഞ്ചാം ക്ലാസ് ജയിച്ചിട്ടും ആറാം ക്ലാസിലേക്ക് പോകാനുമായില്ല. പക്ഷെ തോൽക്കാൻ അനീഷ തയ്യാറായിരുന്നില്ല. അക്ഷരങ്ങളെ മുറുകെ പിടിച്ച് ആത്മവിശ്വാസത്താൽ ഇടം ഡിജിറ്റൽ മാഗസിൻ ചീഫ് എഡിറ്റർ, ഇടം പ്രോജക്ട് കോ-ഓർ ഡിനേറ്റർ, എഴുത്തുകാരി, എംബ്രോയിഡറി ആർട്ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം കഴിവ് തെളിയിച്ചു. അപ്പോഴും മുടങ്ങിപ്പോയ വിദ്യാഭ്യാസം പൂർത്തീകരിക്കുയെന്ന സ്വപ്നം മനസ്സിൽ അവശേഷിച്ചു. കഴിഞ്ഞ ദിവസം സാക്ഷരതാ മിഷന്റെ ജില്ലാ തല തുല്യതാ പരീക്ഷയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അനിഷക്ക് നൽകിയാണ് ഉദ്ഘാടനം ചെയ്തതത്. പഠനത്തോടൊപ്പം അനീഷയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ലാപ്ടോപ്പ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ എത്തിച്ച് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി ഐ സജിതയും ഉറപ്പ് നൽകി .