THRISSUR

അവണൂർ ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി

ഭിന്നശേഷി കുട്ടികൾക്കായി അവണൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കലോത്സവം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദികൾ ഒരുക്കിക്കൊണ്ട് മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. പ്രതിസന്ധികളെ വകവയ്ക്കാതെയുള്ള ജീവിത പോരാട്ടത്തിന്റെ മാറ്റുരക്കലായി മാറിയ കലോത്സവത്തിൽ കളറിംഗ്, സോളോ സോങ്ങ്, ഫ്യൂഷൻ സോങ്, ഫാൻസി ഡ്രസ്സ്, കവിത ചൊല്ലൽ, വിരലുകൾ കൊണ്ട് താളമേളമൊരുക്കൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ഇനങ്ങൾ അരങ്ങേറി.
40 കുട്ടികൾ പരിപാടികളിൽ പങ്കെടുത്തു. കുട്ടികൾ തമ്മിലുള്ള സർഗാത്മക കൂടിച്ചേരലിലൂടെ വ്യത്യസ്ത കഴിവുകളുടെ പുത്തൻ അനുഭവങ്ങളുമായാണ് ഓരോരുത്തരും മടങ്ങിയത്. അടുത്ത കലോത്സവങ്ങളിൽ മറ്റുള്ളവർ അവതരിപ്പിച്ച ഇനങ്ങളും കൂടുതലായി പഠിച്ച് അവതരിപ്പിക്കണമെന്ന ആഗ്രഹവുമായാണ് ഓരോ കുട്ടികളും വേദി വിട്ടത്. പൂർണ്ണപിന്തുണയുമായി പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നു.
വരടിയം ഗവ. യു.പി സ്കൂളിൽ നടന്ന പരിപാടി അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജലി സതീഷ് അധ്യക്ഷയായി. ഐ സി ഡി എസ് സൂപ്പർവൈസർ എ.കെ. സിന്ധു, വൈസ് പ്രസിഡന്റ് മിനി ഹരിദാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാധാകൃഷ്ണൻ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി ബിജു, സി ഡി പി ഒ സി.ജി ശരണ്യ, പ്രധാനാധ്യാപിക സിന്ധു, അങ്കണവാടി ടീച്ചർ എം.വി പ്രീതി തുടങ്ങിയവർ പങ്കെടുത്തു.