THRISSUR

പരാതിപരിഹാരത്തിന് ‘കരുതലും കൈത്താങ്ങും’

മുകുന്ദപുരം താലൂക്ക് അദാലത്ത് 16 ന്; അന്നും പരാതി സ്വീകരിക്കാന്‍ അവസരമൊരുക്കും: മന്ത്രി ഡോ. ബിന്ദു

പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ ഒരുക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് മുകുന്ദപുരം താലൂക്കില്‍ ഡിസംബര്‍ 16 തിങ്കളാഴ്ച നടക്കും. ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ പത്തുമണി മുതല്‍ തുടങ്ങുന്ന അദാലത്തിന് റവന്യൂ-ഭവനനിര്‍മ്മാണ മന്ത്രി അഡ്വ. കെ രാജന്‍, ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കും. പൊതുജനങ്ങളില്‍ നിന്നും അദാലത്ത് ദിവസം പുതിയ പരാതികള്‍ സ്വീകരിക്കാനും സൗകര്യമൊരുക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിനായുള്ള സംഘാടകസമിതി യോഗം മുകുന്ദപുരം താലൂക്ക് ഓഫീസ് ഹാളില്‍ ചേര്‍ന്ന് അദാലത്ത് വിജയമാക്കാനുള്ള തീരുമാനം കൈക്കൊണ്ടു. മന്ത്രി ഡോ. ആര്‍ ബിന്ദു അദ്ധ്യക്ഷയായിരുന്നു. അദാലത്തിനെത്തുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കണമെന്നും പൊതുജനങ്ങള്‍ക്ക് ഒരു ക്ലേശകരമായ അനുഭവവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി ഡോ. ബിന്ദു നിര്‍ദ്ദേശിച്ചു. സാങ്കേതികത്വത്തിന്റെയും നിയമത്തിന്റെയും ചട്ടക്കൂടുകള്‍ പാലിക്കുമ്പോള്‍ തന്നെ കൂടുതല്‍ ജനസൗഹാര്‍ദ്ദപരവും മാനുഷികവുമായ സമീപനം സ്വീകരിക്കണം. പൊതുജനങ്ങളുടെ പരമാവധി പരാതികള്‍ പരമാവധി വേഗത്തില്‍ പരിഹരിക്കാന്‍ പ്രത്യേകശ്രദ്ധ ചെലുത്തണം – ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദ്ദേശിച്ചു.

അദാലത്തിനായി മന്ത്രിഡോ. ആര്‍ ബിന്ദു ചെയര്‍പേഴ്‌സണും ആര്‍ഡിഒ കണ്‍വീനറുമായി സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട ആര്‍ഡിഒ ഡോ. എം. സി. റെജില്‍, മുകുന്ദപുരം തഹസില്‍ദാര്‍ സിമീഷ് സാമൂഹ്യ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി വര്‍ഗ്ഗീസ്, റിയാസുദ്ദീന്‍, സാം തോംസണ്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.