ആൽഫയിലെ അച്ചനമ്മമാരോടൊപ്പം കൃസ്തുമസ് ആഘോഷിച്ച് എടമുട്ടം ഫ്രണ്ട്സ് കൂട്ടായ്മ
എടമുട്ടം : ഫ്രണ്ട്സ് പുരുഷ സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിലാണ് എടമുട്ടം ആൽഫ പാലിയേറ്റീവ് കെയറിലെ അന്തേവാസികളയ അച്ചനമ്മമാരോടൊപ്പം കൃസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. കയ്പ്പമംഗലം എം എൽ എ ഇ ടി ടൈസൻ മാസ്റ്ററും, ആൽഫയിലെ പ്രായം കൂടിയ അമ്മയും ചേർന്ന് കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പരസ്പരം മധുരം നൽകി സ്നേഹം പങ്കിടുന്നതോടൊപ്പം കഴിമ്പ്രം ദിലീപ്, അശ്വതി ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നിനൊപ്പം അച്ചനമ്മമാർ ചുവട് വെച്ചതും ആഘോഷത്തിന് മാറ്റ് കൂട്ടി. മധു പണിക്കശ്ശേരിയുടെ സാക്സ് ഫോൺ വായനയോടൊപ്പം കുട്ടൻ ചെന്ത്രാപ്പിന്നിയുടെ ചെണ്ടമേളം കൂടിയായപ്പോൾ ആഘോഷത്തിൻ്റെ അലയടികൾ വാനോളം ഉയർന്നു. വലപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി ആർ ജിത്ത് മുഖ്യാതിഥിയായി. ഫ്രണ്ട്സ് ഗ്രൂപ്പ് പ്രസിഡണ്ട് ഷാഹിൽ പുതിയ വീട്ടിൽ, സിക്രട്ടറി അക്ഷയ്, കൺവീനർ ബെന്നി ആലപ്പാട്ട്, ട്രഷറർ ആദർശ് പി എം, ഷെമീർ എളേടത്ത്, ഫ്രണ്ട്സ് ഗ്രൂപ്പ് അംഗങ്ങളായ നൗഷാദ് എം വി, ആരാദ് വി പി എസ്, വി കെ അലിയാർ, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൃസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.
