ചേലക്കര ഉപതിരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
*ചേലക്കര നിയമസഭാ മണ്ഡലം നാളെ (നവംബര്‍ 13) പോളിങ് ബൂത്തിലേക്ക്
ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് തൃശ്ശൂര്‍ ജില്ല സജ്ജമായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. നാളെ (നവംബര്‍ 13) രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി.
ചേലക്കരയില്‍ 2,13,103 വോട്ടര്‍മാര്‍
ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ആകെ 2,13,103 വോട്ടര്‍മാരാണുള്ളത്. 1,01,903 പുരുഷന്മാരും, 1,11,197 സ്ത്രീകളും, 3 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാരും ഉള്‍പ്പെടുന്നു. ഇതില്‍ 10143 പേര്‍ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം പേര് ചേര്‍ത്ത പുതിയ വോട്ടര്‍മാരാണ്.
ചേലക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം- പ്രായം തിരിച്ച്
18-19 വയസ്: 4074
20-29: 36985
30-39: 41174
40-49: 45951
50-59: 37528
60-69: 27292
70-79: 14807
80-89: 4628
90-99: 649
100-109: 15
110-119: 0
പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രത്തിനും പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കും ഇന്ന് (നവംബര്‍ 12) അവധി
ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേലക്കര മണ്ഡലത്തിലെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി നിശ്ചയിച്ചിരിക്കുന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തി, പോളിങ് സ്റ്റേഷനുകളായി വിജ്ഞാപനം ചെയ്തിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇന്നുകൂടി (നവംബര്‍ 12) അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. വോട്ടെടുപ്പ് ദിനമായ നവംബര്‍ 13 ന് മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വേതനത്തോടെ പൊതു അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (നവംബര്‍ 12)
*കനത്ത സുരക്ഷ ഏര്‍പ്പെടുത്തും
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (നവംബര്‍ 12) രാവിലെ 8 മുതല്‍ സ്വീകരണ-വിതരണ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിക്കും. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. യാത്രാവേളയില്‍ പൊലീസും സെക്ടറല്‍ ഓഫീസറും അനുഗമിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ വിപുലമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ്;
നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം
ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും വെബ്കാസ്റ്റിങ് സംവിധാനത്തിലൂടെ തത്സമയം രേഖപ്പെടുത്തുകയും നിരീക്ഷിക്കുകയും ചെയ്യും. ചെറുതുരുത്തി പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ ഒരുക്കിയ കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ബൂത്തുകളില്‍ നിന്നുള്ള വെബ്കാസ്റ്റിങ് നിരീക്ഷിക്കും. പോളിങ് ദിനത്തില്‍ രാവിലെ ആറുമുതല്‍ പോളിങ് അവസാനിച്ച് ബൂത്തിലെ പ്രവര്‍ത്തനം അവസാനിക്കുന്നത് വരെ വെബ്കാസ്റ്റിങ് ഉണ്ടായിരിക്കും.
ഇതിന് പുറമെ ഫ്ളയിങ് സ്‌ക്വാഡ്, മണ്ഡലത്തിലെ 3 ലൊക്കേഷനുകളിലായി വിന്യസിച്ചിട്ടുള്ള സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ് വാഹനങ്ങളില്‍ സ്ഥാപിച്ച സി.സി.ടി.വി, പോളിങ് സാമഗ്രികളുമായി സഞ്ചരിക്കുന്ന ഇ.വി.എം വാഹനങ്ങള്‍, തുടങ്ങിയവയും തത്സമയം കമാന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.
എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ മോണിറ്ററിങ് കണ്‍ട്രോള്‍ റൂം
തിരഞ്ഞെടുപ്പിലെ ആള്‍മാറാട്ടം തടയുന്നതിനും സുതാര്യത ഉറപ്പുവരുത്താനും പോളിങ് ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കിയ ‘എ.എസ്.ഡി മോണിറ്റര്‍ സി.ഇ.ഒ കേരള’ ആപ്പ്, പോളിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്റ്റ്വെയര്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍വ്വെ യുടെ കാര്യാലയത്തില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും.
വോട്ടര്‍പട്ടിക ശുദ്ധീകരണ കാലയളവില്‍ ആബ്‌സന്റീ, ഷിഫ്റ്റഡ്, ഡെഡ് (ഹാജരില്ലാത്തവര്‍, സ്ഥലം മാറിയവര്‍, മരണപ്പെട്ടവര്‍) എന്ന് രേഖപ്പെടുത്തി ബി.എല്‍.ഒ.മാര്‍ തയ്യാറാക്കിയ പട്ടിക എല്ലാ പോളിങ് ബൂത്തിലെയും പ്രിസൈഡിങ് ഓഫീസര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. എ.എസ്.ഡി പട്ടികയിലുള്ള വോട്ടര്‍ ബൂത്തിലെത്തിയാല്‍ ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വോട്ട് ചെയ്യാന്‍ അനുവാദം നല്‍കും. തുടര്‍ന്ന് എ.എസ്.ഡി മോണിറ്റര്‍ ആപ്പ് വഴി ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ആപ്പ് ഉപയോഗിച്ച്തന്നെ വോട്ടറുടെ ചിത്രവും എടുക്കും. ആപ്പിലൂടെ ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് രേഖപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാകും. പ്രിസൈഡിങ് ഓഫീസര്‍, ആദ്യ പോളിങ് ഓഫീസര്‍ എന്നിവര്‍ക്ക് മാത്രമാണ് ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നത്. വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നത് വരെ മാത്രമാണ് ആപ്പ് ഉപയോഗിക്കാനാകുക. വരണാധികാരിയുടെ കണ്‍ട്രോള്‍ റൂമില്‍ ആപ്പിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കും.
പോളിങ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പ്, എന്‍കോര്‍ സോഫ്റ്റ്വെയര്‍ എന്നിവയും ഈ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. കൂടാതെ വോട്ടെടുപ്പിലെ അപാകതകള്‍, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ തകരാറുകള്‍, ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയവ സംബന്ധിച്ചും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഉടനെ പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കും.
അതീവ സുരക്ഷയില്‍ 14 പ്രശ്നബാധിത ബൂത്തുകള്‍
മണ്ഡലത്തില്‍ 14 പ്രശ്നബാധിത ബൂത്തുകളാണുള്ളത്. ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. വെബ് കാസ്റ്റിങ് സംവിധാനം, വീഡിയോഗ്രാഫര്‍, പൊലീസ് സുരക്ഷ എന്നിവ ഉറപ്പാക്കും. ബൂത്തുകളിലെത്തുന്ന ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നതും, രേഖപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങുന്നതും ഉള്‍പ്പടെയുളള മുഴുവന്‍ ദൃശ്യങ്ങളും ചിത്രീകരിക്കും.
ഹോം വോട്ടിംഗ് സംവിധാന ഏര്‍പ്പെടുത്തി
ചേലക്കര മണ്ഡലത്തില്‍ 85 വയസ്സിനു മുകളിലുള്ള 925 പേരും 40 ശതമാനത്തിലധികം ഭിന്നശേഷിയുളള 450 പേരും ചേര്‍ത്ത് 1375 പേര്‍ ഹോം വോട്ടിംഗ് സംവിധാനം മുഖേന വോട്ട് ചെയ്തു. പ്രസ്തുത വോട്ടുകള്‍ വടക്കാഞ്ചേരി ട്രഷറിയില്‍ ബന്തവസ്സോടെ സൂക്ഷിച്ചിരിക്കുകയാണ്.
ചേലക്കരയില്‍ 864 പോളിങ് ഉദ്യോഗസ്ഥര്‍
ചേലക്കര നിയോജക മണ്ഡലത്തില്‍ റിസര്‍വ് ഉള്‍പ്പെടെ 864 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 216 പ്രിസൈഡിങ് ഓഫീസര്‍മാരും, 216 ഒന്നാം പോളിങ് ഓഫീസര്‍മാരും, 216 രണ്ടും, മൂന്നും വിഭാഗ പോളിങ് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു.
പെരുമാറ്റച്ചട്ടം നിരീക്ഷിക്കാന്‍ വിവിധ സ്‌ക്വാഡുകളും
പരസ്യപ്രചാരണം അവസാനിച്ച വേളയില്‍ മാതൃകാ പെരുമാറ്റച്ചട്ടവും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കാന്‍ മണ്ഡലത്തില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും. 3 ഫ്ളയിങ് സ്‌ക്വാഡ്, 9 സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡ്, 2 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് തുടങ്ങിയവ ചട്ടലംഘനങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കും. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കും.
ചേലക്കരയില്‍ വിന്യസിക്കുന്നത് 600 ലധികം പൊലീസുകാര്‍
മണ്ഡലത്തിലെ സുരക്ഷിതമായ പോളിങ് ഉറപ്പ് വരുത്തുന്നതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുങ്ങി. തിരഞ്ഞെടുപ്പ് ജോലിക്കായി തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ കേരള പോലീസിന്റെ 600 ലധികം പൊലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി കേന്ദ്ര സേനയേയുമാണ് വിന്യസിക്കുന്നത്.
ജില്ലയില്‍ പ്രശ്നസാധ്യതാ ബൂത്തുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് നാല് സി.എ.പി.എഫ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മറ്റു ബൂത്തുകളില്‍ രണ്ട് പോലീസുകാരെയും വിന്യസിക്കും. ഇതിന് പുറമെ ബൂത്തുകളുടെ എണ്ണം തിരിച്ച് ഗ്രൂപ്പ് പട്രോളിങ്, ക്രമസമാധാന പട്രോളിങ്, ക്വിക്ക് റിയാക്ഷന്‍ പട്രോളിങും നടത്തും.
വോട്ടെണ്ണല്‍ കേന്ദ്രമായ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുതുരുത്തിയിലെ സ്ട്രോങ്ങ് റൂം സുരക്ഷയ്ക്കായി സി.എ.പി.എഫ് ഉദ്യോഗസ്ഥരെയും സ്‌കൂള്‍ പരിസരത്ത് പൊലീസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പോളിങ് ദിനത്തില്‍ 150 വാഹനങ്ങള്‍
പോളിങ് ദിനത്തില്‍ മാത്രം ജില്ലയില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി 150 വാഹനങ്ങള്‍ അനുവദിച്ചു. മിനി ബസ്, ബസ്, ജീപ്പ്, മോട്ടോര്‍ ക്യാബ്, വാന്‍ ഉള്‍പ്പെടെയാണിത്. ഇതിന് പുറമെ വിവിധ സ്‌ക്വാഡുകളുടെ ആവശ്യത്തിന് 25 വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
ഡ്രൈ ഡേ നിലവില്‍ വന്നു
മണ്ഡലത്തില്‍ നവംബര്‍ 11 ന് വൈകീട്ട് ആറു മുതല്‍ 13 ന് വോട്ടെടുപ്പ് ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ ഡ്രൈ ഡേ ആയിരിക്കും. ഈ സമയത്ത് മണ്ഡലത്തിലെ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളിലോ, സ്ഥലത്തോ യാതൊരുവിധ ലഹരി പദാര്‍ഥങ്ങള്‍ വില്‍ക്കാനോ വിതരണം ചെയ്യാനോ സംഭരിക്കാനോ പാടില്ല. മദ്യ ഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റൊറന്റുകള്‍, ക്ലബുകള്‍, അനുബന്ധമായി പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയും ഈ ദിനങ്ങളില്‍ പ്രവര്‍ത്തിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
സി-വിജില്‍ ആപ്പ്; 1234 പരാതികള്‍ പരിഹരിച്ചു
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാവുന്ന സി-വിജില്‍ ആപ്പ് വഴി നവംബര്‍ 10 വരെ ലഭിച്ചത് 1234 പരാതികള്‍. ഇതില്‍ ശരിയെന്നു കണ്ടെത്തിയ 1146 പരാതികള്‍ പരിഹരിച്ചു. 88 എണ്ണം തള്ളി. ശരാശരി 25 മിനിറ്റില്‍ തന്നെ പരാതികളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
മണ്ഡലത്തില്‍ 180 പോളിങ് ബൂത്തുകള്‍
ഉപതിരഞ്ഞെടുപ്പിന് ചേലക്കര മണ്ഡലത്തില്‍ 96 പോളിങ് ലൊക്കേഷനുകളിലായി 180 പോളിങ് ബൂത്തുകളാണുള്ളത്. മൂന്ന് ഓക്സിലറി ബൂത്തുകളും ഉള്‍പ്പെടെയാണ് ഇത്.
പ്രത്യേക പോളിങ് ബൂത്തുകളും
*5 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍
പോളിംഗ് സ്റ്റേഷന്‍ നമ്പര്‍ 36, 56, 114, 144, 172 എന്നിവ മാതൃകാ പോളിംഗ് സ്റ്റേഷനുകളാണ്. വേനല്‍ കണക്കിലെടുത്ത് വോട്ടര്‍മാര്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ പോളിങ് സ്റ്റേഷനുകളില്‍ തണല്‍പന്തല്‍ ഒരുക്കും. പോളിങ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ സ്ഥാപിക്കും. പൂര്‍ണമായും ഹരിതച്ചട്ടം പാലിക്കും. പ്രത്യേകം ശൗചാലയങ്ങളും ഒരുക്കും. ആവശ്യത്തിന് കുടിവെള്ളം സജ്ജമാക്കും. വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും റാമ്പ് സൗകര്യം ഉറപ്പാക്കും.
സ്ത്രീകള്‍ക്ക് ചുമതലയുളള ഒരു പോളിങ് സ്റ്റേഷന്‍ (69-ാം നമ്പര്‍) ചേലക്കര ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈ സ്‌കൂള്‍ എ ബ്ലോക്കില്‍ തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ എല്‍.എഫ് കോണ്‍വെന്റ് ഹൈസ്‌കൂളിലെ ബുത്ത് സ്ത്രീകള്‍ നിയന്ത്രിക്കും. ഇവിടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും.
വോട്ടിങ് യന്ത്രങ്ങള്‍ തയ്യാര്‍
റിസര്‍വ് ഉള്‍പ്പെടെ 216 ബാലറ്റ് യൂണിറ്റുകളും, കണ്‍ട്രോള്‍ യൂണിറ്റുകളും 234 വിവിപാറ്റ് യന്ത്രങ്ങളുമാണ് സജ്ജമായിട്ടുള്ളത്.
തിരിച്ചറിയല്‍ രേഖ നിര്‍ബന്ധം
വോട്ട് രേഖപ്പെടുത്താന്‍ പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍ ഇനി പറയുന്ന ഏതെങ്കിലും അംഗീകൃതരേഖ കരുതണം.
വോട്ടര്‍ ഐ.ഡി കാര്‍ഡ്
ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ്
യൂണിക് ഡിസെബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി)
സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്
ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച പാസ്ബുക്ക്
തൊഴില്‍മന്ത്രാലയത്തിന്റെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
ഡ്രൈവിങ് ലൈസന്‍സ്
പാസ്‌പോര്‍ട്ട്
എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
പെന്‍ഷന്‍ രേഖ
ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്
എം.പിക്കോ/എം.എല്‍.എക്കോ/എം.എല്‍.സിക്കോ നല്‍കിയ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലുമൊരു അംഗീകൃത തിരിച്ചറിയല്‍ രേഖ.
ചേലക്കര മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികള്‍
ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആറ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. യു.ആര്‍. പ്രദീപ് (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്-ചുറ്റിക അരിവാള്‍ നക്ഷത്രം), കെ. ബാലകൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി-താമര), രമ്യ ഹരിദാസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-കൈ), കെ.ബി ലിന്‍ഡേഷ് (സ്വതന്ത്രന്‍-മോതിരം), എന്‍.കെ സുധീര്‍ (സ്വതന്ത്രന്‍-ഓട്ടോറിക്ഷ), ഹരിദാസന്‍ (സ്വതന്ത്രന്‍-കുടം) എന്നിവരാണ്