THRISSUR

ചേലക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സജ്ജമായി

2024 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 23 ന് വോട്ടെണ്ണല്‍ നടക്കുന്ന ചേലക്കര നിയമസഭാമണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെറുതുരുത്തി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനവും ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വരണാധികാരിയായ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറും, പോലീസ് മേധാവിയും ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പ് മേധാവികളും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്തി. ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരു നിരീക്ഷകനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 23 ന് രാവിലെ 8 ന് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് 4 ടേബിളും ഇടിപിബിഎംഎസ് ന് 1 ടേബിളും ഇവിഎം വോട്ടുകള്‍ എണ്ണുന്നതിന് 14 ടേബിളും ഉള്‍പ്പെടെ ആകെ പത്തൊന്‍പത് (19) ടേബിളുകളാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ ടേബിളുകളിലും സഹവരണാധികാരിയുടെ നിയന്ത്രണമുണ്ടാകും. കൂടാതെ തിരഞ്ഞെടുക്കുന്ന 5 വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് വിവിപാറ്റ് കൗണ്ടിംഗ് ബൂത്ത് സജ്ജീകരിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ ഹാളില്‍ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണ്ണമായും വീഡിയോഗ്രാഫി ചെയ്യുന്നതിനുള്ള നടപടികളും പൂര്‍ത്തിയായി. വോട്ടെണ്ണല്‍ കേന്ദ്രത്തിനുള്ള കനത്ത സുരക്ഷാ ബന്ധവസ്സ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് തട്ടുകളിലായി വിന്യസിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവ് കാല്‍നടപ്രദേശമായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.