ചേരുംകുഴി വെറ്ററിനറി സബ് സെൻറർ മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു
ചേരുംകുഴി: നടത്തറ ഗ്രാമപഞ്ചായത്തിലെ ചേരുംകുഴിയിൽ പുതിയ വെറ്ററിനറി സബ് സെൻറർ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായുള്ള ക്ഷീരകർഷകരുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്. ചേരുംകുഴിയിലെ ക്ഷീര കർഷകരും ക്ഷീരോൽപാദക സഹകരണ സംഘവും നിരന്തരമായി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നവകേരള സദസ്സിൽ ക്ഷീരോൽപാദക സഹകരണ സംഘം നൽകിയ പരാതി പരിഗണിച്ചാണ് ചേരുംകുഴി സബ് സെൻറർ ആരംഭിക്കാൻ അനുമതി ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഇത് രാഷ്ട്രീയത്തിനതീതമായ കർഷക കൂട്ടായ്മയുടെ വിജയമാണ്. ക്ഷീരകർഷകരുടെ മേഖലയായ ഇവിടെ ആരംഭിച്ച സബ് സെൻററിൽ കൂടുതൽ മികച്ച സേവനങ്ങൾ ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. ചേരുംകുഴി ക്ഷീരോൽപാദക സഹകരണ സംഘം സ്ഥലത്താണ് സബ് സെൻറർ പ്രവർത്തിക്കുക. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ ജെസി സി കാപ്പൻ, വൈസ് പ്രസിഡൻ്റ് പി ആർ രഞ്ജിത്ത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഇ എൻ സീതാലക്ഷ്മി, പി കെ അഭിലാഷ്, ജിയ ഗിഫ്റ്റ്ൺ, മൂർക്കനിക്കര വെറ്ററിനറി ഡിസ്പെൻസറി സർജൻ ഡോ.ബിന്ദു ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.