THRISSUR

ചൂലൂർ യോഗിനിമാതാ ബാലികാസദനം “ഹേമന്ത ശിബിരം 2024” രണ്ടാം ദിവസം ശ്രദ്ധേയമായി

ചൂലൂർ: ചൂലൂർ യോഗിനിമാതാ ബാലികാസദനത്തിൽ നടക്കുന്ന “ഹേമന്ത ശിബിരം 2024” ക്യാമ്പിന്റെ രണ്ടാം ദിനം കുട്ടികൾക്കായി പ്രത്യേക വിനോദയാത്ര സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വവികസനവും സൗഹൃദപരമായ പ്രവർത്തനങ്ങളും ലക്ഷ്യമാക്കിയുള്ള പരിപാടി ശ്രദ്ധേയമായി.
ക്യാമ്പിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 4 മണി മുതൽ 6.30 വരെ സമീപത്തെ പുള്ള് ആലപ്പാട് ദേശത്തിലേക്ക് ഒരു പഠനയാത്ര നടത്തുകയായിരുന്നു. 29 കുട്ടികളും 8 പ്രവർത്തകരും പങ്കെടുത്തു. വയലുകളും തോടുകളും പക്ഷികളും മത്സ്യക്കൂട്ടങ്ങളും ഉൾപ്പെടെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച സംഘത്തിന് യാത്ര ഏറെ ആവേശകരമായി. വൃക്കദാനത്തിലൂടെ മാതൃകയായ ഷൈജു സായിറാമിന്റെ വീട് സന്ദർശിച്ചു.
യോഗിനിമാതാ സേവാകേന്ദ്രം ട്രെഷറർ കെ.എസ്. തിലകൻ ജോയിന്റ് സെക്രട്ടറി എം.ഡി. സുനിൽകുമാർ ക്യാമ്പ് കോഓർഡിനേറ്റർ ജിത വിജയകുമാർ, ലീലാമണി, സത്യഭാമ, മാതൃസമിതി പ്രസിഡന്റും അധ്യാപികയുമായ നോഫ് ടീച്ചർ, അംഗങ്ങളായ ബിന്ദു സുനിൽകുമാർ തുടങ്ങിയവർ ചേർന്ന് ഷൈജു സായിറാമിനെ ആദരിച്ചു. സായിറാമിന്റെ മകൾ ക്രിസ്മസ് കേക്ക് പങ്കിട്ടു. “ഹേമന്ത ശിബിരം 2024”- ലെ ഈ സന്ദർശന പരിപാടി കുട്ടികളുടെ വ്യക്തിത്വവികസനത്തിനും സാമൂഹ്യ ബോധത്തിനും കരുത്തേകിയ പരിപാടി ആയി തീർന്നു.