THRISSUR

ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്തും, ഗുരുവായൂര്‍ അമ്പല പരിസരത്തുമാണ് മോക്ഡ്രില്‍ സംഘടിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളില്‍ തീപിടുത്തം നിയന്ത്രണം വിധേയമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രശ്‌നബാധിത കെട്ടിടങ്ങളിലും പ്രദേശങ്ങളിലും ആവശ്യമായ തിരച്ചില്‍ രക്ഷാപ്രവര്‍ത്തനം, തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്നും പരിക്കേറ്റവരെ ഒഴിപ്പിക്കാനാവശ്യമായ സാധന സംവിധാനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തല്‍, വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കല്‍, കൂടുതല്‍ ആളുകള്‍ക്ക് അപകടം നടന്നാല്‍ സംഭവ സ്ഥലത്ത് തന്നെ താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കല്‍, പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുവാന്‍ സുരക്ഷിത സ്ഥാനങ്ങള്‍, പാതകള്‍, അറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തല്‍ എന്നിവയാണ് പുഴയ്ക്കല്‍ ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്ത് നടത്തിയ മോക് ഡ്രില്ലില്‍ അവതരിപ്പിച്ചത്.

സ്‌ഫോടനം പോലെയുണ്ടാകുന്ന അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതുമായിരുന്നു ഗുരുവായൂര്‍ അമ്പല പരിസരത്ത് മോക്ഡ്രില്ലായി അവതരിപ്പിച്ചത്. അപകടമുണ്ടാകുമ്പോള്‍ റാപിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ്, അഗ്നിരക്ഷാസേന, പോലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ സുരക്ഷാ ക്രമീകരണങ്ങളും മോക്ഡ്രില്ലിലൂടെ അവതരിപ്പിച്ചു.

ശോഭാ സിറ്റി റെസിഡന്‍സ് പരിസരത്ത് നടത്തിയ മോക് ഡ്രില്ലില്‍ സബ്കളക്ടര്‍ അഖില്‍ വി. മേനോന്‍ സന്ദര്‍ശനം നടത്തി. പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ പ്രാണ്‍ സിങ്, ജില്ലാ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിജയ് കൃഷ്ണ, അസിസ്റ്റന്റ് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ബി ഹരികുമാര്‍, എന്‍ ഡി ആര്‍ എഫ് ടീം കമാന്‍ഡര്‍ അലോക് കുമാര്‍ ശുക്ല, 23 കേരള ബറ്റാലിയന്‍ ജി സി ഐ പ്രസന്ന കെ.ആര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ഡി ഷാജു, തോളൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് ഡോ. ജോബ്, വിയ്യൂര്‍ സി.ഐ മിഥുന്‍, ദുരന്തനിവാരണ വകുപ്പ്, ഫയര്‍ഫോഴ്‌സ്, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് വണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റ്‌സ്, ശോഭ സിറ്റി റസിഡന്‍സ് അസോസിയേഷന്‍ മെമ്പര്‍മാര്‍, അന്തേവാസികള്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തു.

ഗുരുവായൂര്‍ അമ്പല പരിസരത്ത് നടത്തിയ മോക്ഡ്രില്ലില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. സന്തോഷ്, ചാവക്കാട് താഹസില്‍ദാര്‍ എം.കെ കിഷോര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി വിനയന്‍, ഗുരുവായൂര്‍ വില്ലേജ് ഓഫീസര്‍ കെ.എ അനില്‍കുമാര്‍, റാപിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് ഓഫീസര്‍ എസ്.ആര്‍ മഹേഷ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കൃഷ്ണ സാഗര്‍, ഗുരുവായൂര്‍ ടെംപിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ജി. അജയകുമാര്‍, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാര്‍, വടക്കേക്കാട് ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ. നിദ, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, ടെംപിള്‍ പോലീസ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് വണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മോക്ക് എക്സൈര്‍സൈസിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വൈകുന്നേരം നാല് മണിക്കും നാലരക്കും ഇടയിലായി പൊതുജനങ്ങള്‍ക്കായി അലര്‍ട്ട് വാണിങ്ങ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *