സ്‌കൂള്‍ കായിക താരങ്ങളുമായി കളക്ടര്‍ സംവദിച്ചു
ജില്ലയിലെ വിവിധ മേഖലയിലുള്ളവരുമായി സംവദിക്കുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നടത്തുന്ന മുഖാമുഖം-മീറ്റ് യുവര്‍ കളക്ടര്‍ പരിപാടിയുടെ 15-ാം അധ്യായത്തില്‍ തൃശ്ശൂരിന്റെ അഭിമാനമായ കായിക താരങ്ങള്‍ പങ്കെടുത്തു. കബഡി, സോഫ്റ്റ് ബോള്‍, ഫാന്‍ഡ് ബോള്‍, ഹോക്കി, ബേസ് ബോള്‍, വോളിബോള്‍, യോഗ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര തലങ്ങളില്‍ കഴിവു തെളിയിച്ച ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായാണ് കളക്ടര്‍ സംവദിച്ചത്. വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങള്‍ കളക്ടറുമായി സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ കായിക പരിശീലനവുമായി ബന്ധപ്പെട്ട് അവര്‍ അഭിമുഖീകരിക്കുന്ന വിവിധ പരിമതികളെക്കുറിച്ച് കളക്ടറെ അറിയിച്ചു. അവരുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ കളക്ടര്‍, അവര്‍ക്ക് ആവശ്യമുള്ള സ്പോര്‍ട്സ് കിറ്റുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. അധ്യാപകരില്‍ ഒരാള്‍ ജില്ലയിലെ കായികനേട്ടങ്ങള്‍ ഉയര്‍ത്തുന്നതിനായി ഓരോ സ്‌കൂളിനും പ്രത്യേക കായിക ഇനം പരിശീലിപ്പിക്കുന്നതിന്റെ ആവശ്യകതയും കളക്ടറുടെ ശ്രദ്ധയിപ്പെടുത്തി. തൃശ്ശൂര്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കളക്ടര്‍ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന മുഖാമുഖത്തില്‍ 29 വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരായ ജിജി മാത്യു (സെന്റ് ജോസഫ് സി.ജി.എച്ച്.എസ് തൃശ്ശൂര്‍), വി. ജിബി (യൂണിയന്‍ എച്ച്.എസ്.എസ് അന്നനാട്), എം.ജി വിഷ്ണു (എസ്.ഡി.വി.എച്ച്.എസ്.എസ് പേരാമംഗലം), വിമല്‍ രാജ് (സി.എന്‍.എന്‍.ജി.എച്ച്.എസ് ചേര്‍പ്പ്), കെ. സുജേഷ് (ജി.വി.എച്ച്.എസ്.എസ് പഴഞ്ഞി, കുന്നംകുളം) എന്‍.കെ റഷീദ് (എം.ആര്‍.എസ്.എച്ച്.എസ്.എസ് വെമ്പല്ലൂര്‍) എന്നിവര്‍ പങ്കെടുത്തു.

