THRISSUR

പട്ടികജാതി കുടുംബങ്ങളുടെ സമഗ്ര വിവരശേഖരണം; കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ തുടക്കമായി

കൊടുങ്ങല്ലൂർ : പട്ടികജാതി കുടുംബങ്ങളുടെ സമഗ്ര വിവരശേഖരണം നടത്താനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭാതല കുടുംബ സര്‍വേക്ക് തുടക്കമായി. ഓരോ പട്ടികജാതി കുടുംബങ്ങളിലേക്കും വകുപ്പ്തല ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തും. പട്ടികജാതി കുടുംബങ്ങളുടെ വികസന വിടവുകള്‍ കണ്ടെത്തി അവരുടെ ഉന്നമനത്തിനും സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് കുടുംബ സര്‍വേ സംഘടിപ്പിക്കുന്നത്.
വിവരശേഖരണ നഗരസഭാതല ഉദ്ഘാടനം ജെ.ടി.എസ് വാര്‍ഡില്‍ ചെന്നറ കൊച്ചമ്മിണിയുടെ വീട്ടില്‍ കൊടുങ്ങല്ലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. നഗരസഭാ കൗണ്‍സിലര്‍മാരായ കെ ആര്‍ ജൈത്രന്‍, ചന്ദ്രന്‍ കളരിക്കല്‍, മുന്‍ കൗണ്‍സിലര്‍ ഇന്ദിര പുരുഷോത്തമന്‍, പട്ടികജാതി വികസന ഓഫീസര്‍ ജി.സി. അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.