THRISSUR

ഡിസം. 7 സായുധ സേനാ പതാക ദിനം

ഡിസം. 7 സായുധ സേനാ പതാക ദിനമായി ആചരിക്കും. ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ദിനാചരണ പരിപാടി കളക്ട്രേറ്റില്‍ ഉദ്ഘാടനം ചെയ്യും. എഡിഎം ടി. മുരളി അദ്ധ്യക്ഷനാകും. ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് പ്രസിഡന്റ് ബാലഗോപാലന്‍ ദിനാചരണ സന്ദേശം നല്‍കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ സുരേഷ് കുമാര്‍ ടി, അസി. സൈനിക ക്ഷേമ ഓഫീസര്‍ അബ്ദുള്‍ സലാം, എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. യുദ്ധത്തില്‍ വീരചരമം പ്രാപിച്ച ധീരജവാന്‍മാരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കാനും അവരുടെ വിധവകള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കാനും വേണ്ടിയാണ് എല്ലാ വര്‍ഷവും ഡിസം, 7 സായുധസേനാ പതാക ദിനമായി ആചരിക്കുന്നത്. പ്രത്യേക പതാകവില്‍പന നടത്തി ഒരു നിധി രൂപീകരിക്കുന്നതുകൊണ്ടാണ് പതാക ദിനം എന്ന പേര് വന്നത്. വില്‍പനയിലൂടെ ലഭിക്കുന്ന തുക ദേശസേവനത്തിനിടയില്‍ മരിക്കുന്ന ജവാന്റെ ഭാര്യ, കുടുംബാംഗങ്ങള്‍ എന്നിവരുടേയും വിമുക്തഭടന്മാരുടേയും ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. പ്രോത്സഹനമെന്ന നിലയില്‍ ഏറ്റവുംമധികം ഫണ്ട് ശേഖരിക്കുന്ന ജില്ലയ്ക്കും, എറ്റവുമധികം ഫണ്ട് ശേഖരിക്കുന്ന ഏറ്റവും ചെറിയ ജില്ലയ്ക്കും, സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എന്‍.സി.സി യൂണിറ്റുകള്‍ക്കും മുഖ്യമന്ത്രിയുടെ പേരിലുള്ള റോളിംഗ് ട്രോഫി സമ്മാനിക്കും. 2024 ലെ പതാകദിന നിധിയിലേക്ക് സംഭാവന നല്‍കി സംരംഭം വിജയിപ്പിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭ്യര്‍ത്ഥിച്ചു.