THRISSUR

ജില്ലാ കേരളോത്സവം; സംഘാടക സമിതി രൂപീകരിച്ചു

തൃശ്ശൂര്‍ ജില്ലാ കേരളോല്‍സവം സംഘാടക സമിതി രൂപീകരിച്ചു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും നേതൃത്വം നല്‍കുന്ന ജില്ലാ കേരളോല്‍സവം ഡിസംബര്‍ 27 മുതല്‍ 31 വരെ നടത്തുവാന്‍ തീരുമാനമായി. കലാ മത്സരങ്ങള്‍ തൃശ്ശൂരിലും കായിക മത്സരങ്ങള്‍ കുന്ദംകുളത്തെയും വേദികളിലായി നടത്തുന്നതിന് തീരുമാനിച്ചു. പഞ്ചായത്ത്/ ബ്ലോക്ക്തല കേരളോത്സവം ഡിസംബര്‍ 20 നകം പൂര്‍ത്തീകരിക്കും.

ജില്ലാ കേരളോത്സവത്തിൻ്റെ സ്വാഗതസംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി .എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ മഞ്ജുള അരുണന്‍, ദീപ എസ്. നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍മാര്‍. ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ഷാഫി, ജില്ലാതല ഉദ്യോഗസ്ഥര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

യോഗത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ധനകാര്യ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ലതാ ചന്ദ്രന്‍, ആര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് വിനയന്‍, പബ്ലിസിറ്റി ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ്. നായര്‍, സ്‌പോര്‍ട്സ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍, ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ് ടാജറ്റ്, റിസപ്ഷന്‍ ആന്‍ഡ് പ്രോഗ്രാം കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, വോളന്റീയര്‍ കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍. സുര്‍ജിത് എന്നിവരെ തെരെഞ്ഞെടുത്തു.