സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജില്ലയിലെ മെഡൽ ജേതാക്കൾക്ക് ആദരം
സ്കൂൾ ഒളിമ്പിക്സ് മാതൃകയിൽ നടത്തിയ പ്രഥമ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മെഡൽ ജേതാക്കൾക്ക് തൃശ്ശൂർ ജില്ലാ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആദരം ഗോൾഡൻ മൊമെന്റ്-24 സംഘടിപ്പിച്ചു.
15 വർഷങ്ങൾക്ക് ശേഷം ജില്ലയുടെ അത്യുജ്ജ്വല തിരിച്ചുവരവ് അറിയിച്ച ഈ വർഷത്തെ സ്കൂൾ കായികമേളയിലെ പുത്തൻ കായിക പ്രതീക്ഷകൾക്ക് തൃശൂർ ടൗൺ ഹാളിൽ നൽകിയ സ്നേഹാദരം ആവേശത്തിരകൾ തീർത്തു.
അത്ലറ്റിക്സ്, ഗെയിംസ് വിഭാഗങ്ങളിൽ ഏറ്റവും മികച്ച രണ്ടാമത്തെ ജില്ല എന്ന ഖ്യാതി നേടുമ്പോൾ പങ്കെടുത്ത ഗെയിംസ് ഇനങ്ങളിൽ തൃശ്ശൂർ ജില്ലയുടെ ആധിപത്യം സവിശേഷമായിരുന്നു. അത്ലറ്റിക്സ് അക്വാട്ടിക്സ് വിഭാഗങ്ങളിൽ റെക്കോർഡ് ഉൾപ്പെടെ നേടിയ വിജയം പ്രഥമ സ്കൂൾ ഒളിമ്പിക്സ് മാതൃകയുടെ ചരിത്രത്തിൽ ഇടം പിടിച്ചു.
110 മീറ്റർ ഹർഡിൽസ് മത്സരത്തിൽ വിജയകൃഷ്ണയും അക്വാട്ടിക്സ് വിഭാഗത്തിൽ നൂറു മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ നിവേദിതയും റെക്കോർഡ് മറികടന്നപ്പോൾ തൃശ്ശൂരിന്റെ കുതിപ്പിന് അത് കൂടുതൽ കരുത്തായി.
റെക്കോർഡ് ജേതാക്കൾക്കും മുഴുവൻ വിജയികൾക്കും ജില്ലാ സ്പോർട്സ് കോഡിനേറ്റർ എ എസ് മിഥുനും, റവന്യൂ ജില്ലാ സെക്രട്ടറി കെ കെ മജീദിനും പുരസ്കാരങ്ങൾ സമർപ്പിച്ചു.
തേക്കിൻ കാട് തെക്കേഗോപുരനടയിൽ ജില്ലാ കളക്ടർ ആകാശത്തേക്ക് കപ്പ് ഉയർത്തിയപ്പോൾ ആവേശം അലയടിച്ചു. 550 വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയ കായിക താരങ്ങൾ മെഡലുയർത്തി ഐക്യദാർഢ്യം അറിയിച്ചു. ആദരം പ്രോത്സാഹനമാക്കിയ പ്രതിഭകൾ അടുത്ത വർഷം വലിയ നേട്ടം ലക്ഷ്യമിട്ട് ഉപചാരം ചൊല്ലി പിരിഞ്ഞു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തൃശ്ശൂർ കോർപ്പറേഷൻ ജയപ്രകാശ് കെ, ജില്ലാ സ്പോർട്സ് പ്രസിഡണ്ട് കെ ആർ സാംബശിവൻ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ അജിതകുമാരി എ കെ, ഇന്ത്യൻ ഇന്റർനാഷണൽ ജൂഡോ താരം അശ്വതി പി ആർ, ഇന്ത്യൻ ഇന്റർനാഷണൽ ടഗ്ഗ് ഓഫ് താരം നന്ദന കെ എസ്, വിദ്യാകിരണം കോഡിനേറ്റർ രമേശ് എൻ കെ, ഡയറ്റ് പ്രിൻസിപ്പൽ ശ്രീജ, തുടങ്ങിയവർ പങ്കെടുത്തു.