ദുബായ് പ്രിയദർശിനിയുടെ കാരുണ്യ സ്പർശം
തൃശ്ശൂർ: കലാ-സംസ്കാരിക സംഘടനയായ ദുബായ് പ്രിയദർശിനി വളണ്ടറിയിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ഓഫിസിൽ നിർധനർക്ക് വീൽചെയർ ദാനം സംഘടിപ്പിച്ചു. പൂന്നയൂർ സ്വദേശി നിഷാദിൻറെ കുടുംബത്തിന് ചാവക്കാട് തഹസിൽദാർ രാജേഷ് വീൽചെയർ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ദുബായ് പ്രിയദർശിനിയുടെ ഈ കാരുണ്യ പ്രവൃത്തിയെ അനുമോദിക്കുകയും ഇത് മറ്റുള്ളവർക്ക് മാതൃകയാണന്നും രാജേഷ് ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

സാമൂഹ്യ പ്രവർത്തകൻ അലിക്കുട്ടി ആമുഖ പ്രസംഗം നടത്തി. ദുബായ് പ്രിയദർശിനിയുടെ രക്ഷാധികാരി എൻ.പി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം എൽ എ യും മുൻ ഗുരുവായൂർ ദേവസ്വം പ്രസിഡണ്ടുമായ ടി.വി. ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി. ദുബായ് പ്രിയദർശിനി ട്രഷറർ ടോജി മുല്ലശ്ശേരി സ്വാഗതവും, കമ്മിറ്റി സെക്രട്ടറി ഉമേഷ് വെല്ലൂർ നന്ദിയും രേഖപ്പെടുത്തി. ഹൈദരാലി, സെയ്ദ് മുഹമ്മദ് തിരനെല്ലൂർ, നളിനിനാക്ഷൻ ഇരട്ടപ്പുഴ, ഫൈസൽ, ജലീൽ ഗുരുവായൂർ, ശിവദാസൻ എന്നിവർ ആശംസകൾ നേർന്നു.
