THRISSUR

എങ്ങണ്ടിയൂർ ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിൽ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

എങ്ങണ്ടിയൂർ: ശ്രീ സുബ്രഹ്മണ്യ ശാസ്താമംഗല ക്ഷേത്രത്തിലെ തൈപ്പൂയ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര തന്ത്രി എൻ.വി. ബൈജുരാജ് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മുനമ്പം വേലുണ്ണി ശാന്തി, തൈപ്പൂയാഘോഷ കമ്മിറ്റി പ്രസിഡണ്ട് പി.എസ്. ഗോപാലൻ, സെക്രട്ടറി ഷിനോദ് പി.കെ, ട്രഷറർ പി.ഡി. ശിവശങ്കരൻ, കെ.എ. ഗോപിനാഥൻ, എ.എസ്. ഉണ്ണികൃഷ്ണൻ, സന്ദേശ് ചുള്ളിപ്പറമ്പിൽ, മദനൻ ആറുകെട്ടി, മേഖല കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
തുടർന്ന് കലാപരിപാടികൾ അരങ്ങേറി. ശനിയാഴ്ച സർഗ്ഗകലാ അക്കാദമി അവതരിപ്പിക്കുന്ന നൃത്തശില്പം, ഞായറാഴ്ച തിരുവനന്തപുരം സംസ്കൃതി അവതരിപ്പിക്കുന്ന നാടകം ‘നാളത്തെ കേരള’ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് പള്ളിവേട്ടയും മേഖലാ ആഘോഷങ്ങളും നടക്കും.
ഫെബ്രുവരി 11, ചൊവ്വാഴ്ച തൈപ്പൂയ ദിനത്തിൽ രാവിലെ മുതൽ കാവടി ആഘോഷം, ഉച്ചതിരിഞ്ഞ് എഴുന്നള്ളിപ്പ്, വൈകീട്ട് ഭഗവാന്റെ ആറാട്ട്, തുടർന്ന് ഭസ്മക്കാവടി എന്നിങ്ങനെ ഭക്തിസാന്ദ്രമായ ചടങ്ങുകൾ നടക്കും.