THRISSUR

ഇ -ഹെല്‍ത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നു

  • രോഗികള്‍ക്കുള്ള സേവനങ്ങള്‍ പെര്‍മനന്റ് യു എച്ച് ഐ ഡിയുടെ അടിസ്ഥാനത്തില്‍

തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ-ഹെല്‍ത്ത് സേവനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി രോഗികള്‍ക്കുള്ള സേവനങ്ങള്‍ പെര്‍മനന്റ് യു എച്ച് ഐ ഡി അടിസ്ഥാനത്തിലാക്കിയതായി സൂപ്രണ്ട് അറിയിച്ചു. ഇതിനായി https//ehealth.kerala.in/portal/UHID-reg പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തമായി യു എച്ച് ഐ ഡി എടുക്കാം. ഇതുപയോഗിച്ച് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം മുന്‍കൂട്ടി ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന മെസ്സേജ് ഓണ്‍ലൈന്‍ ഫാസ്റ്റ് ട്രാക്ക് കൗണ്ടില്‍ കാണിച്ചാല്‍ ഒ പി ടിക്കറ്റും മുന്‍ഗണന ടോക്കനും ലഭിക്കും. പെര്‍മനന്റ് യു എച്ച് ഐ ഡി ഉള്ളവര്‍ക്ക് പരിശോധന ഫലങ്ങളും ഓണ്‍ലൈനായി മൊബൈലില്‍ ലഭ്യമാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആശുപത്രി രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ആധാര്‍ കാര്‍ഡും, ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും ഉപയോഗിച്ചും പെര്‍മനന്റ് യു എച്ച് ഐ ഡി എടുക്കാനാകും.
ആശുപത്രികളില്‍ വന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 50 രൂപ നിരക്കിലും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 30 രൂപ നിരക്കിലും യു എച്ച് ഐ ഡി പിവിസി കാര്‍ഡ് ലഭിക്കും. തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് റഫറല്‍ ആശുപത്രിയായതിനാല്‍ ഒപിയിലേക്ക് വരുന്ന രോഗികള്‍ പ്രാദേശിക ആശുപത്രികളില്‍ നിന്നോ, എംബിബിഎസ് ഡോക്ടര്‍മാരില്‍ നിന്നോ റഫറന്‍സ് എഴുതി വാങ്ങിയാല്‍ നേരിട്ട് ഒ പി ടിക്കറ്റ് എടുക്കാവുന്നതാണ്.