രേഖ ഹാജരാക്കിയില്ലെങ്കില്‍ പട്ടയം റദ്ദാക്കും
തൃശൂര്‍: തൃശൂര്‍ താലൂക്ക് അവണൂര്‍ വില്ലേജ് റീസര്‍വ്വെ നമ്പര്‍ 33, 34, 35, 36, 37, 56, 57, 58 എന്നിവയിലായി സര്‍ക്കാര്‍ മിച്ചഭൂമിയായി ഏറ്റെടുത്ത് ശക്തന്‍ ബസ്സ്റ്റാന്റ് നിര്‍മ്മാണത്തിനായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി അവണൂര്‍ അംബേദ്ക്കര്‍ നഗറില്‍ ഭൂമി പതിച്ചു നല്‍കിയിരുന്നു. അതില്‍ ഭൂമി കിട്ടിയവര്‍ കൈവശത്തിലെടുക്കാതിരിക്കുകയും കൃത്യമായി പരിപാലിക്കാതിരിയ്ക്കുകയും ചെയ്തതിനാല്‍ പ്രസ്തുത ഭൂമിയില്‍ പലരും അനധികൃതമായി കയ്യേറുകയും, ചിലര്‍ രജിസ്റ്റര്‍ ചെയ്യാത്ത രേഖകള്‍ പ്രകാരം കൈമാറുകയും, അനധികൃതമായി കൈവശപ്പെടുത്തിയതായും വീട് വെച്ച് താമസിച്ചു വരുന്നതായും, ഒരേ ഭൂമി നിരവധി തവണ നിയമാനുസൃതമല്ലാതെ കൈമാറ്റങ്ങള്‍ നടന്നിട്ടുള്ളതായും അന്വേഷണത്തില്‍ വ്യക്തമായി. പ്രസ്തുത ഭൂമിയില്‍ കേരള ഭൂപരിഷ്‌കരണ നിയമം 1963 പ്രകാരവും 1970 ലെ കേരള ഭൂപരിഷ്‌കരണ (പരിധി) ചട്ടങ്ങള്‍ പ്രകാരവും നേരത്തെ അനുവദിച്ച പതിവുത്തരവുകളും, പട്ടയങ്ങളും റദ്ദാക്കി നിലവിലെ കൈവശക്കാരുടെ അപേക്ഷ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ളതാണ്. അതിനാല്‍ മേല്‍ പറഞ്ഞ ഭൂമിയില്‍ മിച്ചഭൂമി പതിവുത്തരവോ പട്ടയമോ ലഭിച്ചശേഷം ഭൂമി കൈവശത്തിലെടുക്കാതിരിയ്ക്കുകയോ, കൈവശത്തിലെടുത്ത് ഉപേക്ഷിച്ചു പോകുകയോ, ഭൂമി നിയമാനുസൃതമല്ലാതെ കൈമാറുകയോ ചെയ്തുവരുടെ പേരില്‍ അനുവദിച്ച പട്ടയമുള്‍പ്പടെയുള്ള രേഖകള്‍ റദ്ദാക്കുന്നതില്‍ ആക്ഷേപമുള്ളവര്‍ ഒക്ടോബര്‍ 22 നകം ബന്ധപ്പട്ട രേഖകള്‍ സഹിതം തൃശ്ശൂര്‍ സഹസില്‍ദാര്‍ മുമ്പാകെയോ അവണൂര്‍ വില്ലേജ് ഓഫീസര്‍ മുന്‍പാകെയോ രേഖാമൂലം ഹജരാകണം. അല്ലാത്ത പക്ഷം തുടര്‍ നടപടി ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.