THRISSUR

ജില്ലയിലെ 500-ാമത് കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റോർ (കെ സ്റ്റോർ ) പദ്ധതി പൂർണമാകുമ്പോൾ കേരളത്തിലുള്ള 14100 റേഷൻ കടകളിൽ നിന്ന് ഏവിടെ നിന്നും സാധാരണക്കാരന് സ്മാർട്ട് കാർഡ് ഉപയോഗിച്ച് അരി വാങ്ങിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്ന 500-ാമത് കെ സറ്റോറിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ ജനകീയമായ നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച ജില്ലയാണ് തൃശ്ശൂർ. തൃശ്ശൂരിലെ 311-ാം നമ്പർ റേഷൻകടയിലാണ് കേരളത്തിൽ ആദ്യമായി കെ സ്റ്റോർ ആരംഭിച്ചത്. ഇപ്പോൾ ഇത് 500 എണ്ണമായി. ഇത് തൃശ്ശൂർ ജില്ലക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്. ആദ്യഘട്ടത്തിൽ കേരളത്തിലെ 2000 റേഷൻ കടകളിലാണ് കെ സ്റ്റോർ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യം വച്ചിരുന്നത്. ഇരുപത് മാസങ്ങൾക്കുള്ളിൽ 1720 കടകളിൽ ഈ സേവനം ലഭ്യമാക്കി,” മന്ത്രി പറഞ്ഞു. 2025 നവംബർ ഒന്നോടു കൂടി കേരളത്തെ അരിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം എന്നും മന്ത്രി കൂട്ടി ചേർത്തു. തൃശ്ശൂർ താലൂക്കിലെ 357-ാം നമ്പർ റേഷൻ കടയാണ് 500-ാമത് കെ സ്റ്റോർ ആയി മാറിയത്.

സഞ്ചരിക്കുന്ന റേഷൻ കടകൾ മുഖേന കെ സ്റ്റോർ സൗകര്യങ്ങൾ ആദിവാസി ഊരുകളിൽ എത്തിക്കുന്ന പദ്ധതി ചടങ്ങിൽ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തൃശ്ശൂർ ജില്ലയിൽ 15 ആദിവാസി ഊരുകളിലായി 520 കുടുംബങ്ങൾക്ക് സഞ്ചരിക്കുന്ന റേഷൻ കടകളുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങിൽ റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുകുന്ദ് ഠാക്കൂർ, ജില്ലാ സപ്ലൈ ഓഫീസർ പി. ആർ. ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.