THRISSUR

മുള്ളൂര്‍ക്കര ജി.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം;മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു

തൃശൂർ: മുള്ളൂര്‍ക്കര ഗവ. എല്‍.പി സ്‌കൂളിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വികസന, ദേവസ്വം, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പങ്കാണ് നല്‍കുന്നതെന്നും കുട്ടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ക്ലാസ് മുറികളില്‍ ഇരുന്ന് പഠിക്കാം എന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 2 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത് അദ്ധ്യക്ഷയായി. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.ഡി ഹരിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബി.കെ തങ്കപ്പന്‍, ജില്ലാ പഞ്ചായത്തംഗം, പി. സാബിറ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം എം.എ നസീബ, പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശശികല സുബ്രഹ്മണ്യന്‍, ഷാദിയ അമീര്‍, പ്രതിഭ മനോജ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.എ മൊഹിയുദ്ധീന്‍, പി.ജി ഘനശ്രീ, വടക്കാഞ്ചേരി ബി.പി.സി ജയ പ്രഭ സി.സി, അബ്ദുള്‍ ഹക്കീം, രവീന്ദ്രന്‍, പ്രധാന അധ്യാപിക ടി.വി. രജിത തുടങ്ങിയവര്‍ സംസാരിച്ചു.