വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കമായി
തൃശൂർ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകരുടെ ഉത്പ്പന്ന പ്രദര്‍ശന വിപണനമേള (ടിന്‍ഡക്സ് 2024) പി ബാലചന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജനുവരി 14 വരെ ശക്തന് മൈതാനത്ത് രാവിലെ 11 മുതല്‍ രാത്രി 8.30 വരെയാണ് മേള നടക്കുന്നത്. ഭക്ഷ്യോത്പന്നങ്ങള്‍, ഗാര്‍മെന്റ്സ്, ഹാന്‍ഡി ക്രാഫ്റ്റ്, ആയുര്‍വേദ ഉത്പന്നങ്ങള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവയാണ് പ്രദര്‍ശനത്തിനും വിപണത്തിനുമായി ഒരുക്കിയിട്ടുള്ളത്.
സൂക്ഷ്മ -ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് പരമാവധി വിപണന സാധ്യത ഉറപ്പാക്കുന്നതിനും ഉത്പാദകരില്‍ നിന്ന് നേരിട്ട് ഉത്പന്നങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കാനും ഇടനിലക്കാരുടെ സ്വാധീനം ഒഴിവാക്കി പരമാവധി വിലക്കുറവില്‍ ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യം. 34 സ്റ്റാളുകള്‍ക്ക് പുറമെ വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങള്‍ അടങ്ങിയ ഫുഡ്കോര്‍ട്ടുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എസ് ഷീബ, മാനേജര്‍ ആര് സ്മിത, എം എസ് എം ഇ സംരംഭകര്‍, താലൂക്ക് വ്യവസായ ഓഫീസര്‍മാര്‍, വ്യവസായ വികസന ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.