THRISSUR

മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസ് പ്രവർത്തനോദ്ഘാടനം

കല്ലേറ്റുംകര കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഇൻഡസ്ട്രി ഓൺ കാമ്പസിൻ്റെ പ്രവർത്തനോദ്ഘാടനം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യഥാർത്ഥ വ്യവസായിക അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളിൽ പ്രായോഗിക പരിജ്ഞാനം വളർത്തുവാനും, സംരംഭകത്വം ഉളവാക്കുവാനും വേണ്ടി രൂപകല്പന ചെയ്ത പ്രോഗ്രാമാണ് ഇൻഡസ്ട്രി ഓൺ ക്യാമ്പസ്‌. വിദ്യാർത്ഥികളിൽ വ്യാവസായിക സംസ്കാരം രൂപപ്പെടുത്തുകയാണ് ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ ലക്ഷ്യം. ഐ.എച്ച്.ആർ.ഡി. യുടെ കല്ലേറ്റുംകരയിലുള്ള കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്ക് കോളേജിൽ ബ്രൈറ്റ്നർ പവർ കണ്ട്രോൾ പ്രൈവറ്റ് ലിമിറ്റഡ് ഇരിങ്ങാലക്കുട എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഇൻഡസ്ട്രി ഓൺ കാമ്പസിന്റെ പ്രവർത്തനം ആരംഭിച്ചത്.

പ്രാരംഭഘട്ടത്തിൽ ഇരിങ്ങാലക്കുട ബ്രൈറ്റ്നർ പവർ കണ്ട്രോൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി സഹകരിച്ച് യു.പി.എസ്, ഇൻവെർട്ടർ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണം, ഗുണ പരിശോധന എന്നീ ജോലികൾ ഇൻഡസ്ട്രി ഓൺ കാമ്പസ് യൂണിറ്റിൻ്റെ ഭാഗമായി പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെയ്‌തു നൽകും. ഭാവിയിൽ കൂടുതൽ സ്ഥാപനങ്ങളുമായി സഹകരിച്ച് കോളേജിൽ നിലവിലുള്ള കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനിയറിംഗ്, ബയോമെഡിക്കൽ എഞ്ചിനിയറിംഗ്, റോബോട്ടിക് പ്രോസസ്സിംഗ് & ഓട്ടോമേഷൻ എന്നീ ബ്രാഞ്ചുകളിലെ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ഇൻഡസ്ട്രി ഓൺ കാമ്പസ് യൂണിറ്റിൻ്റെ വിപുലമായ പ്രവർത്തനമാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ഇതുമൂലം വിദ്യാർത്ഥികൾക്ക് അവരുടെ പ്രായോഗിക അറിവ് വർദ്ധിപ്പിക്കുന്നതിനും പഠനത്തോടൊപ്പം ചെറിയ വരുമാനം കണ്ടെത്താനും സാധിക്കുമെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.

ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ.ജോജോ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ.എച്ച്. ആർ.ഡി ഡയറക്ടർ ഡോ. വി.എ.അരുൺ കുമാർ, നിപ്മർ ഡയറക്ടർ സി. ചന്ദ്രബാബു, തൃശൂർ ജില്ലാ ആസൂത്രണ സമിതി ഓഫീസർ ടി.ആർ.മായ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം മാനേജിംഗ് ഡയറക്ടർ ഷീബ. എസ്, ഷീൻ ആൻ്റണി, രതിസുരേഷ്, ആശ.ആർ, പി.എ. സാബു, വർഗ്ഗീസ് പന്തല്ലൂക്കാരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *