THRISSUR

ഇന്റര്‍നാഷണല്‍ സയന്‍സ് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 29;30 തിയ്യതികളില്‍

തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത്,സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി, ഐ എഫ് എഫ് ടി ചലച്ചിത്ര കേന്ദ്രം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഭൗമം സോഷ്യല്‍ ഇനീഷ്യറ്റീവ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ചലച്ചിത്രോത്സവം നവംബര്‍ 29, 30 തിയ്യതികളില്‍ തൃശൂര്‍ വിജ്ഞാന്‍ സാഗര്‍ ശാസ്ത്ര സാങ്കേതിക പാര്‍ക്കില്‍ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രതിനിധി മഹേഷ് കുമാര്‍ കെ എസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീജ, ഡി ഇ ഒ, എ ഇ ഒ മാരുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ശാസ്ത്ര സിനിമ പ്രദര്‍ശനത്തോടൊപ്പം മൂന്നു പ്രഭാഷണങ്ങള്‍, ശാസ്ത്ര ക്വിസ് മത്സരം, റോബോട്ടിക്‌സ് വര്‍ക്ക് ഷോപ്പ്, വാനനിരീക്ഷണം, ശാസ്ത്ര സിനിമ നിര്‍മ്മാണം മത്സരം, എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. തെരഞ്ഞെടുത്ത അന്‍പതോളം ശാസ്ത്ര സിനിമകളും, മീറ്റ് ദി ഡയറക്ടര്‍ പ്രോഗ്രാം എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. നവംബര്‍ 7 നു ഡോ.സി വി രാമന്‍ ജന്മദിനത്തില്‍ പോസ്റ്റര്‍ റിലീസ് നടത്തും. സമാധാനത്തിനും സുസ്ഥിര വികസനത്തിനുമായി യുനെസ്‌കൊ പ്രഖ്യാപിച്ച നവംബര്‍ 10 ലോക ശാസ്ത്ര ദിനത്തിന്റെ ഭാഗമായി തൃശൂര്‍ രവികൃഷ്ണ തിയേറ്ററില്‍ ശാസ്ത്ര സിനിമകളുടെ ഉദ്ഘാടനം 19-മത് ഐ എഫ് എഫ് ടി യുമായി ചേര്‍ന്നു നടത്തും. 11 മുതല്‍ 25 വരെ ജില്ലയിലെ എല്ലാ കലാലയങ്ങളിലും ശാസ്ത്ര സിനിമകളുടെയും /ക്ലാസ്സിക് സിനിമകളുടെയും പ്രദര്‍ശനം നടത്തുന്നതിന് തീരുമാനിച്ചു. ആയിരത്തില്‍പരം സ്‌കൂള്‍ / കോളേജ് ഫിലിം ക്ലബ്ബുകള്‍ ശാസ്ത്ര സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ജില്ലയിലെ വായനശാലകളും ഇതില്‍ പങ്കുചേരും. സമേതത്തിന്റെയും, ഐ എഫ് എഫ് ടി ചലച്ചിത്ര കേന്ദ്രത്തിന്റെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും, ഭൗമത്തിന്റെയും പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.