കേരളത്തിൻ്റെ മാലിന്യ മുക്ത നവ കേരളം പദ്ധതിയും അതി ദരിദ്രരില്ലാത്ത കേരളം പദ്ധതിയും രാജ്യത്തിന് മാതൃക – മന്ത്രി കെ. രാജൻ
*ചാവക്കാട് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
കേരളത്തിൻ്റെ മാലിന്യ മുക്ത നവ കേരളം പദ്ധതിയും അതി ദരിദ്രരില്ലാത്ത കേരളം പദ്ധതിയും രാജ്യത്തിന് മാതൃകയാണെന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. ചാവക്കാട് താലൂക്ക് തല കരുതലും കൈത്താങ്ങും അദാലത്ത് ഗുരുവായൂർ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ (ഗുരുവായൂർ ടൗൺഹാൾ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ നിർമ്മാർജ്ജന രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് സ്ഥലം ലഭിക്കാതെ ബുദ്ധിമുട്ടുമ്പോൾ ഗുരുവായൂർ മുനിസിപ്പാലിറ്റിക്ക് മമ്മിയൂരിൽ കേരളത്തിന് അഭിമാനമാകുന്ന വിധത്തിൽ മാലിന്യ നിർമ്മാർജ്ജന പ്ലാൻ്റ് സ്ഥാപിക്കാൻ സാധിച്ചത് മാതൃകാ പരമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. അവിടെ മറ്റ് തദ്ദേശസ്ഥാപനങ്ങൾക്ക് സന്ദർശിച്ച് പഠനം നടത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ദാരിദ്ര്യമുക്ത കേരളം പദ്ധതിയിലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും മാതൃക സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അടിസ്ഥാന ജനവിഭാഗങ്ങളിൽ 60 പിന്നിട്ട 64 ലക്ഷം വയോജനങ്ങൾക്ക് സാമൂഹിക ക്ഷേമ പെൻഷൻ 1600 രൂപ വീട്ടിൽ എത്തിച്ച് നൽകുന്ന സർക്കാറാണ് കേരളത്തിലേത്. സർക്കാരിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവ ഭേദ്യമാക്കുന്ന വേദികളാണ് അദാലത്തുകളെന്നും റവന്യൂ മന്ത്രി പറഞ്ഞു. ഉദ്ഘാടന വേദിയിൽ പട്ടയങ്ങളും റേഷൻ കാർഡുകളും മന്ത്രി കെ. രാജനും എം.എൽ.എമാരും ചേർന്ന് വിതരണം ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സാമൂഹ്യ നീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, മുരളി പെരുനെല്ലി എം.എൽ.എ , ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി സുരേന്ദ്രൻ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, എ.ഡി.എം ടി. മുരളി, സബ് കളക്ടർ അഖിൽ വി. മേനോൻ, അസി. കളക്ടർ അതുൽ സാഗർ, ഡെപ്യൂട്ടി കളക്ടർ സി.ടി യമുനാ ദേവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.
