കുടുംബശ്രീ ഹാപ്പി കേരളം-ഹാപ്പിനെസ് സെന്റര്‍; ജില്ലാതല പരിശീലനം തുടങ്ങി
കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നത് ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഹാപ്പിനസ്സ് സെന്റര്‍’ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍ക്കായുള്ള ത്രിദിന ജില്ലാതല പരിശീലനം ആരംഭിച്ചു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന് 8 മാതൃകാ സിഡിഎസുകള്ക്കായാണ് ആദ്യത്തെ പരിശീലനം ഗുരുവായൂര്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ആരംഭിച്ചത്. ഒരുമനയൂര്‍, പാവറട്ടി, എറിയാട്, വാടാനപ്പള്ളി, പോര്‍ക്കുളം, നടത്തറ, കാറളം, വേളൂക്കര എന്നീ സിഡിഎസുകള്ക്കായാണ് പരിശീലനം. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ പ്രതിനിധികളും വിവിധ മേഖലകളിലെ വിദഗ്ധരേയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നടത്തുന്നത്.
ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ ഡോ. യു. സലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ കെ.കെ പ്രസാദ് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോഡിനേറ്റര്‍ എസ്.സി നിര്‍മല്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ഡോ. യു. മോനിഷ, എം.എ അജിഷ, ആദര്‍ശ് പി. ദയാല്‍, ഗുരുവായൂര്‍ സിഡിഎസ് 1 ചെയര്‍പേഴ്സണ്‍ അമ്പിളി ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
‘ഹാപ്പി കേരളം’ പദ്ധതിയുടെ ഭാഗമായാണ് ‘ഹാപ്പിനെസ് സെന്ററുകള്‍’ നടപ്പാക്കുന്നത്. സമൃദ്ധിയില്‍ അധിഷ്ഠിതമായ വിവിധ സന്തോഷ സൂചകങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്ര വികസന രേഖയാണ് പദ്ധതി നിര്‍വ്വഹണത്തിനായി കുടുംബശ്രീ മുന്നോട്ടു വയ്ക്കുക. കുടുംബങ്ങളുടെ സന്തോഷത്തിന് ആധാരമായ വരുമാനം, ആരോഗ്യം, ലിംഗനീതി, തുല്യത എന്നിവ പദ്ധതിവഴി ഉറപ്പാക്കുകയാണ് ലക്ഷ്യം. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിന് അനുസൃതമായ രീതിയില്‍ സന്തോഷത്തെ നിര്വചിക്കുന്നതിനുളള സമഗ്ര സമീപനമാകും കുടുംബശ്രീ ഇക്കാര്യത്തില്‍ സ്വീകരിക്കുക.