THRISSUR

സാഹിത്യ നിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന് സര്‍ക്കാര്‍ ബഹുമതികളോടെ വിട നല്‍കി

ഇരിങ്ങാലക്കുട സ്വദേശി സാഹിത്യ നിരൂപകന്‍ പ്രൊഫ. മാമ്പുഴ കുമാരന് സര്‍ക്കാര്‍ ബഹുമതികളോടെ വിട നല്‍കി. നിറകണ്ണുകളോടെ പൊട്ടികരഞ്ഞ് കൊണ്ടാണ് സര്‍ക്കാരിന് വേണ്ടി പ്രിയ ശിഷ്യ മന്ത്രി ഡോ. ആര്‍. ബിന്ദു അന്ത്യോപചാരം അര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കിഴക്കേനട എം.ജി. റോഡിലെ ‘വരദ’ എന്ന വീട്ടിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടന്നത്. കേരള പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രൊഫ. മാമ്പുഴ കുമാരന് അന്തിമ വിട നല്‍കിയത്. താസില്‍ദാസ് സിമീഷ് സാഹു ജില്ലാ കളക്ടര്‍ക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു. നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിച്ചേര്‍ന്നിരുന്നു.

ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികമേഖലയില്‍ ആറു പതിറ്റാണ്ടിലേറെ കാലം പ്രചോദനാത്മകമായ സാന്നിദ്ധ്യമായി തുടര്‍ന്ന സമാദരണീയ വ്യക്തിത്വമാണ് മാഷ്. അദ്ധ്യാപകനെന്ന നിലയിലും നിരൂപകന്‍ എന്ന നിലയിലും പ്രഭാഷകന്‍ എന്ന നിലയിലുമെല്ലാം ആയിരങ്ങളുടെ മനസ്സില്‍ ഈ പ്രതിഭാശാലി ആശയങ്ങളുടെ വിത്തെറിഞ്ഞു. പുരസ്‌കാരങ്ങളോ അംഗീകാരങ്ങളോ ഒന്നും വിഷയമായിരുന്നില്ല നിസ്വാര്‍ത്ഥമായ സാഹിതീസപര്യയുടെ ആള്‍രൂപമായിരുന്ന മാഷിനെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

വ്യക്തിപരമായി ഗുരുവും പിതൃസമാനനും ആയിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു. അടുത്ത സുഹൃത്തിന്റെ അച്ഛനാണദ്ദേഹം. സ്‌കൂള്‍-കോളേജ് കാലത്ത് എന്നും സന്ദര്‍ശിച്ചിരുന്ന വീടായിരുന്നു അത്. പുസ്തകങ്ങള്‍ മുറികളില്‍ നിറയുമ്പോള്‍ വീണ്ടും പുസ്തകമുറിയുണ്ടാക്കി സ്ഥലം കണ്ടെത്തിയിരുന്ന ആ വീടിന്റെ അന്തരീക്ഷം തനിക്കും പ്രയോജനപ്പെട്ടുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

2021-ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം നേടി. വിവിധ ആനുകാലികങ്ങളില്‍ വ്യത്യസ്ത തൂലികാനാമങ്ങളില്‍ കവിത, ലേഖനം, ഹാസ്യകവിത, ഹാസ്യലേഖനങ്ങള്‍ എന്നിവ പ്രസിദ്ധീകരിച്ചു. ‘മോളിയേയില്‍നിന്ന് ഇബ്സനിലേക്ക്’ എന്ന കൃതിക്ക് 1998-ലെ എന്‍. കൃഷ്ണപിള്ള സ്മാരക പുരസ്‌കാരം ലഭിച്ചു. സര്‍ഗ്ഗദര്‍ശനം, അനുമാനം, വാക്കും പൊരുളും, ഉള്‍ക്കാഴ്ചകള്‍, സംസ്‌കാരത്തിന്റെ അടയാളങ്ങള്‍, തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, സ്മൃതിമുദ്രകള്‍, നാടകദര്‍ശനം എന്നിങ്ങനെ ഒന്‍പത് കൃതികള്‍ എഴുതിയിട്ടുണ്ട്.