THRISSUR

മണലിപ്പുഴ പുനരുദ്ധാരണത്തിന് തുടക്കമായി

സംസ്ഥാന റവന്യു വകുപ്പിന് കീഴിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിന്നും 85 ലക്ഷം രൂപ അനുവദിച്ച് നടത്തുന്ന മണലിപ്പുഴയിലെ ചെളി നീക്കം ചെയ്യല്‍ പദ്ധതിയും സംരക്ഷണ ഭിത്തി നിര്‍മ്മാണവും റവന്യു മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

നടത്തറ ഗ്രാമപഞ്ചായത്തിലെ ശ്രീധരിപ്പാലം, നമ്പിടിക്കുണ്ട്, വലക്കാവ് പാലം, കൂറ്റനാല്‍ ഭഗവതി ക്ഷേത്രം, വീമ്പില്‍ തേരോത്ത് കടവ്, മുണ്ടോളിക്കടവ് (കൈനൂര്‍) പാലം എന്നീ പ്രദേശങ്ങളില്‍ മണലിപ്പുഴയിലെ ഏകദേശം 8750 യൂണിറ്റ് ചെളിയാണ് നീക്കം ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

മുണ്ടോളിക്കടവ് പാലത്തിന് സമീപത്താണ് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം. പുഴയുടെ വലതുകരയില്‍ 45 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ സംരക്ഷണ ഭിത്തിയാണ് നിര്‍മ്മിക്കുക.

നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആര്‍ രവി, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ പി ആർ രജിത്ത്, ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവര്‍ പങ്കെടുത്തു.