മികവിൻ്റെ നിറവില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത്
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം മതിലകം ബ്ലോക്ക് പഞ്ചായത്തിന്. തൃശ്ശൂര്‍ വി.കെ.എന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവില്‍ നിന്നും മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
സമൂഹത്തില്‍ ഏറ്റവും കരുതലും കൈത്താങ്ങും ആവശ്യമുള്ളതും പരിചരണം ആവശ്യമുണ്ടെങ്കിലും അവഗണന അനുഭവിക്കുന്ന വിഭാഗമാണ് ഭിന്നശേഷിക്കാരായ കുട്ടികള്‍. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന പലവിധ കാരണങ്ങളാല്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച സംവിധാനമാണ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും എസ്.സി.ഇ.ആര്‍.ടി പ്രത്യേക പാഠ്യപദ്ധതി പ്രകാരമുള്ള പരിശീലനവും പാഠ്യേതര പരിശീലനം നല്‍കുന്നതിനും ദൈനംദിന ആവശ്യങ്ങള്‍ പരസഹായം ഇല്ലാതെ നിര്‍വഹിക്കുന്നതിനും വേണ്ടിയുള്ള രീതിയിലാണ് ബഡ്സ് സ്‌കൂള്‍ സംവിധാനത്തിലൂടെ രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളത്.
മതിലകം ബ്ലോക്ക് പഞ്ചായത്തിൻ്റെ പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണവും പരിശീലനവും ലക്ഷ്യമാക്കി 2022-23 വാര്‍ഷിക പദ്ധതി കാലയളവില്‍ 2022 ജൂണ്‍ 4 ന് മതിലകം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന് ഔപചാരികമായി തുടക്കം കുറിച്ചു. സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സുരക്ഷിതമായ കെട്ടിടവും വിശാലമായ അങ്കണവും സമാധാനപൂര്‍ണമായ പഠനാന്തരീക്ഷവും മതിലകം ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലുണ്ട്. പരിശീലനം സിദ്ധിച്ച അധ്യാപകനും, ആയയും, കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി കൂടെയുണ്ട്.
മതിലകം ബ്ലോക്ക് പഞ്ചായത്തിന് പരിധിയിലുള്ള 7 ഗ്രാമപഞ്ചായത്തുകളില്‍ മാനസിക വെല്ലുവിളി നേരിടുന്ന 444 പേരും 18 വയസ്സിന് മുകളിലുള്ളവര്‍ 346 പേരുമാണ്. മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രാരംഭ ഘട്ടത്തില്‍ 15 കുട്ടികളാണ് ഉണ്ടായിരുന്നത്. കുട്ടികളുടെ ശാരീരിക മാനസിക വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി എല്ലാ ദിവസവും എക്‌സര്‍സൈസും കുട്ടികളുടെ ദൈനംദിന കാര്യങ്ങളില്‍ ഉള്ള പരിശീലനവും നല്‍കുന്നുണ്ട്. നിപ്മറുമായി സഹകരിച്ച് എല്ലാ മാസവും ക്യാമ്പുകള്‍ നടത്തി വരുന്നു. ബഡ്‌സ് കലോത്സവങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ മികച്ച വിജയങ്ങള്‍ നേടിയിട്ടുണ്ട്.
ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ബ്ലോക്ക് ഭരണസമിതി അംഗങ്ങളും രക്ഷിതാക്കളും അടങ്ങിയ വികസന സമിതി എല്ലാ മാസവും അഞ്ചാം തീയതിയോ അല്ലെങ്കില്‍ ഇത് കഴിഞ്ഞു വരുന്ന പ്രവര്‍ത്തി ദിവസമോ സ്‌കൂളിന്റെ പ്രവര്‍ത്തനവും പുരോഗതിയും വിലയിരുത്തുന്നു. നിപ്മറിന്റെ സഹായത്തോടെ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ക്യാമ്പുകളില്‍ ഒക്യുപ്പ്ഷന്‍ തെറാപ്പി, ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവയും സൈക്കോളജിസ്റ്റ് സേവനവും ലഭ്യമാക്കുന്നുണ്ട്.
ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു സ്ഥിര വരുമാനം എന്ന നിലയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം നല്‍കുകയും നൂതന തയ്യല്‍ മെഷീനുകളും അനുബന്ധ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്. ബഡ്‌സിലെ അമ്മമാര്‍ക്ക് പരിശീലനത്തിന് ഒരിടമായി ഒരുക്കുവാനും രണ്ടാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി നടപ്പില്‍ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്. ഇത് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്ന തൊഴിലിനോടൊപ്പം കുട്ടികളുടെ സാമീപ്യവും പരിചരണവും സാധ്യമാവുന്നു.
ബഡ്‌സ് വാരാചരണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 9 ന് നടന്ന ഫലവൃക്ഷത്തൈകളുടെ നടീലും പരിചരണവും അത്യുത്സാഹത്തോടെ കുട്ടികള്‍ പങ്കെടുത്തു. ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുഞ്ഞുങ്ങളുടെ മാനസികോല്ലാസത്തിനായി വിനോദയാത്രകളും സംഘടിപ്പിച്ചു.
കുടുംബശ്രീയുടെ അഗ്രി തെറാപ്പിയുടെ ഭാഗമായി ലഭ്യമായ 40 മണ്‍ചട്ടികളും പച്ചക്കറി തൈകളും കുട്ടികളുടെ ശ്രദ്ധാപൂര്‍ണമായ പരിചരണത്തില്‍ വളര്‍ത്തുന്ന പച്ചക്കറി കുട്ടികളുടെ ഭക്ഷണത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ കറിക്കായി ഉപയോഗിക്കുന്നു. ഇലക്കറികള്‍ കുട്ടികള്‍ തന്നെയാണ് കറിക്കായി പാകപ്പെടുത്തുന്നത്.
ചുരുങ്ങിയ സമയത്തിനുള്ളില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തിന് ഭിന്നശേഷി സൗഹൃദമായ ഒട്ടേറെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തിലേക്ക് ഒരു അംഗീകാരം എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ 2024 ലെ ഭിന്നശേഷിക്കാര്‍ക്കായുള്ള മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാനതല പുരസ്‌കാരത്തിന് മതിലകം ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമാകുന്നത്. ഈ പുരസ്‌കാര ലബ്ദി ഭിന്നശേഷി സൗഹൃദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണെന്ന് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിജ പറഞ്ഞു.
